anna

ആലപ്പുഴ: സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയമേളയ്ക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെ മൂന്നുദിവസം മുമ്പ് കൈയ്ക്കുണ്ടായ ഒടിവ് വകവയ്ക്കാതെയാണ് തൃശൂർ മേനാച്ചേരി എരിഞ്ഞേരി സോജി ഡേവിസിന്റെയും സൗമ്യ സോജിയുടെയും മകൾ അന്നസോജി മത്സരത്തിനെത്തിയത്. മൂന്നുദിവസം മുമ്പ് വീട്ടിൽ കാൽവഴുതിവീണ് കൈയ്യുടെ അസ്ഥിയ്ക്കുണ്ടായ പൊട്ടലിന് പ്ളാസ്റ്റർ ഇടണമെന്ന് ഡോക്ടർ നിർദേശിച്ചെങ്കിലും തനിക്ക് സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ പങ്കെടുക്കണമെന്ന വാശിയാണ് ബാൻഡേജ് ചുറ്റിയ കൈയുമായി അന്നയെ ആലപ്പുഴയിലെത്തിച്ചത്.പാഴ് വസ്തുക്കളിൽ നിന്നുളള ഉൽപ്പന്ന നിർമ്മാണത്തിൽ, വലതുകൈയ്യുടെ വേദന കടിച്ചമർത്തി ഒരു ഡസനിലേറെ ഉൽപ്പന്നങ്ങൾ നിർമ്മിച്ചായിരുന്നു അന്നയുടെ പോരാട്ടം. ഫാൻ സ്റ്റാൻഡ്, ഹൗസ് ബോട്ട്, സോഫ, കിളിക്കൂട്, ചിൽഡ്രൻസ് വാക്കർ, ക്ളോക്ക്, ഇങ്ക് ബോട്ടിൽ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് നിർമ്മിച്ചത്. ചേർപ്പ് ലൂർദ് മാത സ്കൂളിലെ 9 ാം ക്ളാസ് വിദ്യാർത്ഥിനിയാണ്.