photo

ആലപ്പുഴ : അദ്ധ്യാപക ദമ്പതികൾക്ക് നഷ്ടപ്പെട്ട ആറുപവൻ സഹോദരങ്ങളായ പന്ത്രണ്ടും ഒൻപതും വയസുള്ള കുട്ടി​കളുടെ സത്യസന്ധതയി​ൽ തിരികെ ലഭി​ച്ചു. ഇന്നലെ വൈകിട്ട് 4മണിയോടെ ആലപ്പുഴ ബീച്ചിലാണ് സംഭവം.

കുടുംബത്തോടൊപ്പം എത്തിയ അരൂർ സെന്റ് അഗസ്റ്റിൻ സ്‌കൂളിലെ എഴാംക്ളാസിൽ പഠിക്കുന്ന ഫാജിസ്, അതേ സ്കൂളിലെ നാലാം ക്ളാസ് വിദ്യാർത്ഥിയായ അബാൻ എന്നിർക്കാണ് മാല ലഭിച്ചത്. തീരത്ത് കളിക്കുന്നതിനിടെ ശക്തമായ തിരയിൽ കുട്ടികളുടെ കൈകളിൽ മാല കിട്ടുകയായി​രുന്നു. ഉടൻ ഒപ്പമുണ്ടായിരുന്ന പിതാവ് റിഫിയാസിനോട് വിവരം പറഞ്ഞു. ടൂറിസം എസ്.ഐ രാജേഷിനെ ഇവർ വിവരം അറിയിക്കുകയും താലിയോടുകൂടിയ മാല കൈമാറുകയും ചെയ്തു. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ശാസ്ത്ര മേളയി​ൽ പങ്കെടുക്കുവാൻ കോഴിക്കോട് നിന്നും എത്തിയ അദ്ധ്യാപകദമ്പതിമാരുടെ സ്വർണ്ണമാല നഷ്ടപെട്ടതായി ഏറെ വൈകാതെ പൊലീസിന് വിവരം അറിയിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ അദ്ധ്യാപകദമ്പതികൾ മകനെ ശാസ്ത്രമേളയിൽ പങ്കെടുപ്പിച്ചതിന് ശേഷം ആലപ്പുഴ ബീച്ച് കാണുവാൻ വന്നപ്പോഴാണ് താലി ഉൾപ്പടെയുള്ള മാലനഷ്ടപ്പെട്ടത്. ആലപ്പുഴ സൗത്ത് സി.ഐ കെ.ശ്രീജിത്ത് ഉടമയ്ക്ക് മാല കൈമാറി.