
ആലപ്പുഴ: ആലപ്പുഴ, ചേർത്തല നഗരങ്ങളെ ബന്ധിപ്പിക്കുന്ന എ.എസ് കനാൽ നവീകരിച്ച് സംരക്ഷിക്കാൻ പദ്ധതി തയ്യാറാക്കുന്നു. സുസ്ഥിര വികസന മാതൃകയിൽ
ജനകീയപങ്കാളിത്തത്തോടെ കനാൽ പുനരുജ്ജീവന പദ്ധതിക്ക് രൂപം നൽകാൻ ഇന്ന് ഏകദിന ശില്പശാല ആലപ്പുഴയിൽ നടക്കും. 22 കിലോമീറ്റർ ദൈർഘ്യമുള്ള എ.എസ് കനാലിന്റെ ഭാഗമായ ആലപ്പുഴ നഗരസഭയിലെ മട്ടാഞ്ചേരി പാലം മുതൽ പൂന്തോപ്പ് വരെയുള്ള ഭാഗമാണ് ആദ്യം നവീകരിക്കുക.
പൊതുവരാമത്ത് വകുപ്പ്, കെ.ആർ.ബി.എഫ്, കെ.ഐ.ഡി.സി, ശുചിത്വ മിഷൻ എന്നീ ഏജൻസികളുടെ നിലവിലെ പദ്ധതികൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ മാസ്റ്റർ പ്ളാൻ തയ്യാറാക്കുക. കനാലിന്റെ പുനരുജ്ജീവത്തിലൂടെ ടൂറിസം, ജലഗതാഗതം, ഗ്രാമീണ വികസനം എന്നിവയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകും.
ശില്പശാല ഇന്ന്
രാവിലെ 10ന് കയർ ക്രാഫ്റ്റ് സെന്ററിയിൽ (കയർ കോർപ്പറേഷൻ) മന്ത്രി പി.പ്രസാദ് ശില്പശാല ഉദ്ഘാടനം ചെയ്യും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കളക്ടർ അലക്‌സ് വർഗീസ്, നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ, ടി.കെ.സുജിത് തുടങ്ങിയവർ പങ്കെടുക്കും.
ടൂറിസത്തിന് പുതുജീവൻ
#കനാലിന്റെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കുക
#കനാലും സമീപ പ്രദേശങ്ങളും സൗന്ദര്യവത്കരിക്കുക
#കനാലിനെ പൂർണമായും മാലിന്യ മുക്തമാക്കുക
# ടൂറിസത്തിലൂടെ പ്രാദേശിക സമ്പത് വ്യവസ്ഥ മെച്ചപ്പെടുത്തുക
# കായാക്കിംഗ് ടൂർണമെന്റുകൾ സംഘടിപ്പിക്കുക
ശില്പശാലയിൽ ഉയർന്നു വരുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് തയ്യാറാക്കുന്ന മാസ്റ്റർ പ്ളാൻ ജനകീയപങ്കാളിത്വത്തോടെ നടപ്പാക്കും
- പി.പി.ചിത്തരഞ്ജൻ എം.എൽ.എ