
അലപ്പുഴ: മലയോരമേഖകളിലെ കർഷകർക്ക് ആശ്വാസമാകുന്ന കണ്ടുപിടിത്തവുമായാണ് കോഴിക്കോട് നാദാപുരം കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥിനികളായ എ.എസ് വാഗ്ദയും നിഫ നൗറിനും ശാസ്ത്രമേളയിലെത്തിയത്. താഴ്‌വാരങ്ങളിലെ വെള്ളത്തെ മലമുകളിലെത്തിക്കാൻ കഴിയുന്ന റാം പമ്പാണ് ഇവർ അവതരിപ്പിച്ചത്.
ഒഴുകുന്ന ജലത്തിന്റെ ഗതികോർജ്ജം (കൈനറ്റിക്ക് എനർജി) ഉപയോഗിച്ച് വായുമർദ്ദത്തിന്റെ സഹായത്തോടെ താഴ്‌വരയിലെ ജലത്തെ മലമുകളിലെത്തിക്കാവുന്ന ലളിതമായ ഉപകരണമാണ് റാം പമ്പ്. ആയിരത്തിൽ താഴെ രൂപ ചിലവിൽ ഈ ഉപകരണം നിർമ്മിക്കാനാവുമെന്നും
വൈദ്യുതിയോ മോട്ടോറൊ ആവശ്യമില്ലാത്ത സംവിധാനമായതിനാൽ ജലക്ഷാമം നേരിടുന്ന മലയോര കർഷകർക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും ഇവർ പറയുന്നു. അരുവികളിലോ പുഴകളിലോ
റാം പമ്പ് സ്ഥാപിച്ച് ജലം ഉയർന്ന പ്രദേശത്ത് എത്തിക്കാം.