
ആലപ്പുഴ : കോടതിപ്പാലം പുനർനിർമ്മാണത്തിന്റെ ഭാഗമായി വാടക്കനാലിന്റെ വടക്കേക്കരയിലെ റോഡ് ഇന്ന് അടയ്ക്കും. പൈലിംഗ് ജോലികൾക്ക് ഔപചാരികമായി ഇന്നലെ തുടക്കം കുറിച്ചതിന് പിന്നാലെ റോഡ് അടച്ച് സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തിയശേഷം നാളെ രാവിലെ മുതൽ പൈലിംഗ് പുനരാരംഭിക്കാനാണ് പദ്ധതി.
ബിസ്മി സൂപ്പർ മാർക്കറ്റ് മുതൽ എസ്.ഡി.വി സ്കൂളിന് സമീപം വരെയാണ് റോഡ് അടയ്ക്കുക. സംസ്ഥാന ശാസ്ത്രമേള കണക്കിലെടുത്താണ് 11ന് ആരംഭിക്കാനിരുന്ന പൈലിംഗ് ജോലികൾ മാറ്റിയത്. ഇന്ന് റോഡ് അടച്ചശേഷം കനാലിന്റെ തെക്കേക്കര വഴി വൈ.എം.സി.എ - ബസ് സ്റ്റാന്റ് റോഡിൽ ഇരുവശത്തേക്കും വാഹനം കടത്തിവിട്ട് ട്രയൽ നടത്താനാണ് പൊലീസ് ആലോചന.
വ്യാപാരികൾ നൽകിയ കേസിൽ കോടതി തീരുമാനം വരാനിരിക്കെ മിനി സിവിൽ സ്റ്റേഷന് സമീപത്തെ നഗരസഭ ഷോപ്പിംഗ് കോംപ്ളക്സിന്റെ വരാന്തഭാഗം പൊളിച്ചുതുടങ്ങി. ഇവിടെ കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് ലൈനുകളും ട്രാൻസ്ഫോമറും സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.
തെക്കേക്കരയിൽ പാലത്തിന്റെ അടിയിൽ ഇപ്പോഴത്തെ അതേസ്ഥാനത്താണ് ജലഗതാഗത വകുപ്പിന്റെ ഓഫീസും ബോട്ട് ജെട്ടിയും രൂപകല്പന ചെയ്തിരിക്കുന്നത്. മാതാജെട്ടിയിലെ താൽക്കാലിക ബോട്ട് ജെട്ടിയുടെ നിർമ്മാണംപൂർത്തിയാകുന്ന മുറയ്ക്ക് ബോട്ട് ജെട്ടി മാറ്റിയാൽ മാത്രമേ തെക്കേക്കരയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയുള്ളൂ.
വടക്കേക്കരയിൽ 5 പില്ലറുകൾ
വൈ.എം.സി.എ മുതൽ കോടതിപ്പാലം വരെ വടക്കേക്കരയിൽ 5 പില്ലറുകളും 20 മീറ്റർ അകലത്തിൽ നാല് സ്പാനുകളും
ഓരോ പില്ലറിനും മൂന്ന് പൈലുകൾ വീതം 15 പൈലുകളാണ് ആകെ സ്ഥാപിക്കേണ്ടത്
കനാലിന്റെ വടക്കേക്കരയിലെ പൈലിംഗ് ജോലികൾക്ക് ഒന്നരമാസം വേണ്ടിവരും
പാലത്തിന് കിഴക്കുവശത്ത് കനാൽക്കരയിലെ രണ്ട് റോഡുകളുടെ വശങ്ങളിലും പൈലിംഗും പില്ലറുകൾ സ്ഥാപിക്കലും നടത്തണം
ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
പ്ളാൻ എ
കോടതിപ്പാലം മുതൽ വൈ.എം.സി.എ വരെ കനാൽപ്പാലത്തിന്റെ തെക്കേക്കരയിലെ റോഡിലൂടെയാകും ഗതാഗതം. സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നുള്ള സ്വകാര്യ ബസുകൾ ഉൾപ്പെടെ കോടതിപ്പാലത്തിൽ വന്ന് ഇടത്തേക്ക് തിരിഞ്ഞുപോകണം.
പ്ളാൻ ബി
പ്ളാൻ .എ പ്രകാരമുള്ള നിയന്ത്രണം ഗതാഗത കുരുക്കിനോ യാത്രാക്ളേശത്തിനോ കാരണമായാൽ നഗരത്തിന് വടക്കുഭാഗത്തേക്ക് പോകേണ്ട സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ വൈ.എം.സി.എ പാലത്തിൽ നിന്നും മട്ടാഞ്ചേരിപ്പാലത്തിന്റെ കിഴക്കേ അപ്രോച്ച് റോഡ് വഴി വലത്തോട്ട് തിരിഞ്ഞ് എ.എസ് കനാലിന്റെ കിഴക്കേക്കരവഴി കൊമ്മാടിപ്പാലത്തിലെത്തി കൈചൂണ്ടിമുക്ക് വഴി പോകണം.