
കായംകുളം : കായംകുളം നഗരസഭയിൽ 4.5 കോടി രൂപയുടെ പദ്ധതികൾ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാതെ ജില്ലാ ആസൂത്രണ സമിതിക്ക് അയച്ചതായി പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ കൗൺസിലിൽ ചർച്ച ചെയ്ത് തീരുമാനിച്ചതിനുശേഷമാണ് നിർദ്ദേശങ്ങൾ നൽകിയതെന്ന് ചെയർപേഴ്സൻ പി.ശശികല പറഞ്ഞു.
നഗരസഭ ചെലവഴിക്കാൻ ഉദ്ദേശിക്കുന്ന ഫണ്ട് ഫിനാൻസ് കമ്മിറ്റി അംഗീകരിച്ച് കൗൺസിലിൽ പാസാക്കിയെടുക്കേണ്ടതുണ്ട്. ശനിയാഴ്ച കൂടിയ കൗൺസിൽ യോഗത്തിൽ ഈ ഫണ്ടിനെ സംബന്ധിച്ച് ചർച്ച ചെയ്യാതെ കഴിഞ്ഞ ദിവസം പദ്ധതികൾ രഹസ്യമായി അയച്ചുവെന്നാണ് ആരോപണം. എന്നാൽ 16ന് കൂടിയ കൗൺസിൽ യോഗം എല്ലാം തീരുമാച്ചിരുന്നെന്നും മിനിട്ട്സ് തെളിവാണെന്നും ചെയർപേഴ്സൺ പറഞ്ഞു.
നഗരസഭ കെട്ടിടത്തിന്റെ മുകൾഭാഗത്ത് 45 ലക്ഷം രൂപ ചിലവഴിച്ച് പണിത കൗൺസിൽ ഹാൾ കഴിഞ്ഞ 8 വർഷക്കാലമായി പ്രവർത്തിച്ചിട്ടില്ല. അവിടേകുള്ള ലിഫ്റ്റും പ്രവർത്തനരഹിതമാണ്.എന്നാൽ, ഇത് സംബന്ധിച്ച് കോടികളുടെ ഓഡിറ്റ് ഒബ്ജക്ഷൻ നിലനിൽക്കെ വീണ്ടും കെട്ടിടത്തിനു മുകളിൽ പണം ചിലവഴിക്കാൻ പദ്ധതി തയ്യാറാക്കിയത് അഴിമതി നടത്തുവാനാണെന്നും എൽ.ഡി.എഫ് കൗൺസിലർമാർക്ക് പല വാർഡുകളിലായി 20 ലക്ഷം രൂപ വരെയുള്ള പദ്ധതികൾ തയ്യാറാക്കിയത് അഴിമതിയ്ക്കാണെന്നും യു.ഡി.എഫ് ആരോപിച്ചു.
മിക്കവാർഡുകളിലെ റോഡുകളുടെ അവസ്ഥ വളരെ ദയനീയമായിട്ടും അതൊന്നും പരിഗണിക്കാതെ ഭൂരിപക്ഷ കൗൺസിലർമാരുടെ അഭിപ്രായം അട്ടിമറിച്ച് അനാവശ്യമായി പണം ചിലവഴിക്കാൻ തീരുമാനിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.
പ്രയോജനപ്പെടാതെ കൗൺസിൽ ഹാൾ
കായംകുളം നഗരസഭയുടെ 55വർഷം പഴക്കമുള്ള കെട്ടിടത്തിനു മുകളിൽ 60 ലക്ഷത്തോളം രൂപ ചിലവഴിച്ചു നിർമ്മിച്ച കൗൺസിൽ ഹാൾ എട്ടു മായി ഉപയോഗിക്കാൻ കഴിയാതെ ജീർണാവസ്ഥയിലാണ്. മഴപെയ്താൽ ചോർന്നൊലിക്കുന്നതാണ് കെട്ടിടം. ലിഫ്ട് പ്രവർത്തനരഹിതവും. ലിഫ്റ്റിന്റെ പാർശ്വഭിത്തികൾ പൊട്ടി ഏത് സമയത്തും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. ഫയർ എൻ.ഒ.സി ലഭിക്കാതെ സ്ഥലം ഉപയോഗിക്കുവാനും കഴിയില്ല. ആ കെട്ടിടത്തിന് അകത്താണ് ഇപ്പോൾ 15 ലക്ഷം രൂപ ചിലവഴിച്ച് ചെയർപേഴ്സന്റെ റൂം നവീകരിച്ചതും വീണ്ടും 10 ലക്ഷം രൂപ കൂടി നവീകരിക്കാൻ നീക്കിവച്ചിട്ടുള്ളതും.
ബേസിക് ഗ്രാന്റിലും ടൈഡ് ഫണ്ടിലും പെട്ട നാലര കോടി രൂപയുടെ പദ്ധതികൾ കൗൺസിലിൽ ചർച്ചയ്ക്ക് വന്നിട്ടില്ല
- സി.എസ് ബാഷ, പ്രതിപക്ഷ നേതാവ്