
മാന്നാർ: ലക്ഷങ്ങൾ മുടക്കി നവീകരിച്ചിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥലവും കെട്ടിടവും കാടുകയറി നശിക്കുന്നു. മാന്നാർ തൃക്കുരട്ടി ക്ഷേത്രത്തിന് കിഴക്കുവശം തൃക്കുരട്ടി ധർമ്മ ശാസ്താക്ഷേത്രത്തിന് സമീപത്തെ ഒന്നരയേക്കറിലധികം സ്ഥലവും വിശാലമായ ഇരുനിലകെട്ടിടവുമാണ് നശിച്ച് നാമാവശേഷമാകുന്നത്. ദേവസ്വം ബോർഡിന് കീഴിയിലെ പരുമല പമ്പാകോളേജിലെ വിദ്യാർത്ഥിനികൾക്കുള്ള ഹോസ്റ്റലായിട്ടാണ് 36 മുറികളുള്ള കെട്ടിടം നിർമ്മിച്ചത്. ഉദ്യോഗസ്ഥകളായ വനിതകളും ഇവിടെ താമസിച്ചിരുന്നു. വർഷങ്ങളോളം ഹോസ്റ്റൽ നടന്നായി പ്രവർത്തിച്ചു. കോളേജിൽ നിന്ന് രണ്ട് കിലോമീറ്ററിലധികം ദൂരത്തായതിനാൽ ക്രമേണ വിദ്യാർത്ഥിനികൾ ഹോസ്റ്റലിനെ കൈയൊഴിഞ്ഞു. എന്നുമാത്രമല്ല, കോളേജ് വളപ്പിൽ തന്നെ പുതിയ ഹോസ്റ്റൽ നിർമ്മിച്ചതോടെ പഴയതിന്റെ കഥകഴിഞ്ഞു. ഇതോടെ,
കെട്ടിടവും പരിസരവും കാടുപിടിച്ച് ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറി.
എട്ടു വർഷത്തോളം അടഞ്ഞുകിടന്ന ഹോസ്റ്റൽ കെട്ടിടവും പരിസരവും വൃത്തിയാക്കി വൃദ്ധ ജനങ്ങൾക്കായി ശബരി ആശ്രമം തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രഖ്യാപനം നടത്തിയത് വലിയ പ്രതീക്ഷ പരത്തി. ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപ മുടക്കി മുറികൾ മോടിപിടിപ്പിച്ചു.പരിസരം വൃത്തിയാക്കി. ശബരി ആശ്രമം എന്ന ബോർഡും സ്ഥാപിച്ചു. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് അന്തഗോപൻ ഉദ്ഘാടനവും ചെയ്തു. പക്ഷെ, വീണ്ടും അടഞ്ഞു കിടക്കാനായിരുന്നു കെട്ടിടത്തിന്റെ വിധി.
അയ്യപ്പന്മാർക്ക് തുറന്നുകൊടുക്കണം
1.മാന്നാറിനെ ശബരിമല ഇടത്താവളമായി വർഷങ്ങൾക്ക് മുമ്പ് ദേവസ്വം ബോർഡ് പ്രഖാപനം നടത്തിയെങ്കിലും നടപ്പായില്ല. മാന്നാറിൽ നിന്ന് പമ്പക്ക് കെ.എസ്.ആർ.ടി.സി ബസ് സൗകര്യമുള്ളതിനാൽ പടിഞ്ഞാറൻ മേഖലയിലുള്ള സ്വാമിമാർ ഇവിടെ എത്തിയാണ് ശബരിമലയ്ക്കു പോകുന്നത്
2.മണ്ഡല- മകരവിളക്ക് കാലം ആരംഭിച്ചതോടെ മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രം, പനയന്നാർകാവ് ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച് ശബരിമലയ്ക്കു പോകുന്ന സ്വാമിമാർക്ക്
വിശ്രമത്തിനായി ഹോസ്റ്റൽ കെട്ടിടവും പരിസരവും വിട്ടു നൽകണമെന്നതാണ് ഭക്തരുടെ ആവശ്യം
......................................................................................................................................................
അയ്യപ്പന്മാർക്ക് വിശ്രമിക്കുന്നതിനായി ഹോസ്റ്റൽ കെട്ടിടം വിട്ടു നൽകണം. തീർത്ഥാടനകാലത്തിന് ശേഷം ബഹുനിലക്കെട്ടിടം ഉപയോഗ പ്രദമാക്കുന്നതിനും നടപടി വേണം
- കലാധരൻ കൈലാസം, പ്രസിഡന്റ്, തൃക്കുരട്ടി മഹദേവ സേവാസമിതി
എം.എം രമേശ്, പ്രസിഡന്റ്, ശാസ്താകാളകെട്ട് സമിതി