
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനധികൃത പാർക്കിംഗ്
ആംബുലൻസുകൾക്ക് തലവേദനയാകുന്നു. ആശുപത്രിയിലെ ജെ ബ്ലോക്കിന് വടക്കുഭാഗത്തായി ഇരുചക്രവാഹനങ്ങളും മറ്റു സ്വകാര്യവാഹനങ്ങളും അനധികൃതമായി പാർക്ക് ചെയ്യുന്നതാണ് ആംബുലൻസുകൾക്ക് തടസമാകുന്നത്.
ഡിസ്ചാർജ് ചെയ്യുന്ന വാർഡിലെ രോഗികളെ ജെ ബ്ലോക്കിലെ ഇടനാഴിയിലൂടെയാണ് പുറത്തേക്ക് കൊണ്ടുവരുന്നത്. എന്നാൽ, ഇവരെ വീടുകളിലെത്തിക്കാൻ വരുന്ന
ആംബുലൻസുകൾക്ക് തിരിക്കാനോ, കടന്നു പോകാനോ കഴിയാത്ത വിധം വാഹനങ്ങൾ പാർക്ക് ചെയ്‌തിരിക്കുകയാണ്. പാർക്കിംഗിന് നിശ്ചിത സ്ഥലമുണ്ടായിട്ടും വാഹനങ്ങൾ ഇവിടെ
തോന്നിയ പടി ഇടുന്നതാണ് ആംബുലൻസുകൾക്ക് ബുദ്ധിമുട്ടാകുന്നത്.
രോഗികളെ അത്യാഹിത വിഭാഗത്തിന് മുന്നിലുള്ള ഇടനാഴി വഴിയും പ്രധാന ഗേറ്റു വഴിയുമായിരുന്നു മുമ്പ് പുറത്തെത്തിച്ചിരുന്നത്. എന്നാൽ, ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇപ്പോൾ ജെ ബ്ലോക്കിന്റെ വടക്കുവശത്തെ ഇടനാഴിയിലൂടെയാണ് അവരെ കൊണ്ടുപോകുന്നത്.