ആലപ്പുഴ: കേരളത്തിലെ സഹകരണ ജീവനക്കാർക്ക് കൃത്യമായി ഡി.എ അനുവദിക്കാത്ത സർക്കാർ നിലപാട് വഞ്ചനാപരവും സഹകരണ സ്ഥാപനങ്ങളെ തകർക്കാനും വേണ്ടിയാണെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. കഴിഞ്ഞമാസം അനുവദിച്ച ഡി.എ പോലും നാളിതുവരെ നൽകാത്തത് ജീവനക്കാരോടുള്ള സർക്കാറിന്റെ മനോഭാവമാണ് വെളിവാക്കുന്നത്. നിലവിൽ മൂന്നര വർഷത്തെ ഡി.എ ആണ് അനുവദിക്കാനുള്ളത്. ഡി.എ തടഞ്ഞു വയ്ക്കുന്നതിലൂടെ സഹകരണ സ്ഥാപനങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനാൽ കേന്ദ്ര സർക്കാർ അനുവദിക്കുന്ന മുറയ്ക്ക് സഹകരണ ജീവനക്കാർക്കും ഡി.എ അനുവദിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു. ആലപ്പുഴ ഡി.സി.സി ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.ബി.ഉണ്ണി അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.രാധാകൃഷ്ണൻ, സംസ്ഥാന ഭാരവാഹികളായ കെ.എക്സ്.തങ്കച്ചൻ, കെ. ജെ.രാജീവ്, ജില്ലാ സെക്രട്ടറി അരുൺ ശിവാനന്ദൻ, ജില്ലാ ട്രഷറർ ശ്യാംനാദ്, ചേർത്തല താലൂക്ക് സെക്രട്ടറി ഹർഷൻ ചേനപറമ്പിൽ, അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി ബിനുജോസഫ് തുടങ്ങിയവർ സംസാരിച്ചു.