ആലപ്പുഴ: വൈദ്യുതി നിലച്ച സമയത്ത് വീട്ടിൽ കയറി പെൺകുട്ടിയെ ആക്രമിച്ചത് കുറുവ സംഘമല്ലെന്ന് പൊലീസ്. കറുകയിൽ വാർഡ് പണിക്കേഴ്‌സിൽ ഹരികുമാരിന്റെ വീട്ടിലാണ് അതിക്രമിച്ചു കയറി പെൺകുട്ടിയെ ഉപദ്രവിച്ചത്.

കുളിമുറിയിൽ നിന്ന് പുറത്തിറങ്ങിയ പെൺകുട്ടിയുടെ കഴുത്തിന് മൂന്നംഗസംഘം

കുത്തിപ്പിടിക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിലത്തുവീണ് പെൺകുട്ടിക്ക് പരിക്കേറ്റു. ഇതോടെ അക്രമികൾ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.

ഈ സമയത്ത് കുറുവ സംഘം ഇറങ്ങാറില്ലെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവം നടന്നത് രണ്ടുനില വീട്ടിലാണ്. എന്നാൽ, അടുക്കളവാതിൽ കുത്തിത്തുറന്ന് കയറാവുന്ന സാധാരണ വീടുകളാണ് കുറുവ സംഘം ലക്ഷ്യമിടാറുള്ളതെന്നും കണക്കിലെടുത്താണ് കുറുവ സംഘമല്ലെന്ന സ്ഥിരീകരണത്തിൽ പൊലീസെത്തിയത്.

എന്നാൽ, യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനായിട്ടില്ല. സംഭവം നടന്ന വീട്ടിലെയും സമീപത്തെ വീടുകളിലെയും സി.സി ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല. പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയെങ്കിലും ആഘാതത്തിൽ നിന്ന് ഇനിയും മുക്തമായിട്ടില്ല.