ആലപ്പുഴ: കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. ആര്യാട് തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ ഐക്യഭാരതം വായനശാലയ്ക്ക് സമീപം പൊക്കത്തിൽ വീട്ടിൽ സുമിത്തിനെയാണ് ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

സുമിത്തിന്റെ ഭാര്യ സ്വാതിയെ (28) കഴിഞ്ഞ ആറിനാണ് കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാതിയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ, സുമിത്ത് പതിവായി സ്വാതിയെ ഉപദ്രവിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ആറുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. നാലും രണ്ടും വയസുള്ള രണ്ട് മക്കളുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് : സുമിത്തിന്റെയും സ്വാതിയുടെയും പ്രണയവിവാഹമായിരുന്നു. കുടുംബത്തോടൊപ്പമുള്ള പഴനിയാത്രക്കിടെയാണ് ചമ്പക്കുളം സ്വദേശിനിയായ സ്വാതി ടൂറിസ്റ്റ് ബസ് ഡ്രൈവറായ സുമിത്തിനെ പരിചയപ്പെട്ടത്. സുമിത്തിന്റേത് രണ്ടാം വിവാഹമായതിനാൽ ബന്ധുക്കൾ ഈ ബന്ധത്തെ എതിർത്തെങ്കിലും സ്വാതിയുടെ നിർബന്ധത്തിനു വഴങ്ങി 2018ൽ വിവാഹം നടത്തി.

രണ്ടുവർഷം മുമ്പ് കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക ഡ്രൈവറായി ജോലി ലഭിച്ച സുമിത്ത് ഫോണിലൂടെ ചാറ്റ് ചെയ്യുന്നത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വഴക്കായി. സുമിത്ത് ഉപദ്രവിക്കുന്ന കാര്യം എയർഫോഴ്സിലും വിദേശത്തുമുള്ള സഹോദരന്മാരോട് സ്വാതി പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ചിന് രാത്രിയിൽ ഉറങ്ങാൻ കിടന്ന സ്വാതിയെ 6ന് പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.