1

കുട്ടനാട് : എല്ലാ ദിവസവും അനുഭവപ്പെടുന്ന ശക്തമായ വേലിയേറ്റത്തിന് പുറമെ വൈകുന്നേരങ്ങളിൽ തുടർച്ചയായി അനുഭവപ്പെടുന്ന തുലാമഴയും കൂടിയായതോടെ പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങൾ നടത്തിവന്ന പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലായി. വേലിയേറ്റത്തെ തുടർന്നുണ്ടായ വെള്ളത്തിന്റെ ശക്തമായ സമ്മർദ്ദത്തിൽ പുളിങ്കുന്ന് കൃഷിഭവന് കീഴിലെ 65 ഏക്കർ വരുന്ന എൺപതും പാടത്തിന്റെ ബണ്ടിലൊരു ഭാഗം തകർന്നു വെള്ളം പാടത്തേക്ക് ഇരച്ചു കയറി. ഉടൻ തന്നെ കർഷകരും നാട്ടുകാരും ചേർന്ന് ഈ ഭാഗത്ത് തെങ്ങുകുറ്റിയും മറ്റും നാട്ടുകയും മണ്ണ് ചാക്ക് അടുക്കി വെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിക്കുകയും ചെയ്തതോടെ മടവീഴ്ച തൽക്കാലത്തേക്ക് ഒഴിവാക്കാനായി. എങ്കിലും കർഷകരുടെ ആശങ്ക ഒഴിഞ്ഞിട്ടില്ല.

മറ്റ് പല പാടശേഖരങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. വിത്തിറക്കി കഴിഞ്ഞശേഷം മടവീണാൽ പിന്നീട് വിത്ത് കണ്ടെത്തുന്നതിന് ഇവർ നെട്ടോട്ടമോടേണ്ടി വരും. വലിയ സാമ്പത്തിക നഷ്ടവുമുണ്ടാകും.

കൃഷിയിറക്കുന്നത് നീളുന്നു

 തണ്ണീർമുക്കം ബണ്ടിലൂടെയുള്ള ഓരുവെള്ളത്തിന്റെ തള്ളൽ നിയന്ത്രിക്കണമെന്നാണ് കർഷകരുടെ ആവശ്യം

 വേലിയേറ്റവും മഴയും കാരണം കായൽമേഖലയിൽ കൃഷിയിറക്കുന്നതും പ്രതിസന്ധിയിലായിരിക്കുകയാണ്

 തെക്കേ മതികായൽ, വടക്കേ മതികായൽ, പുത്തനാറായിരം, മംഗലം കായൽ എന്നിവിടങ്ങളിൽ കൃഷിയിറക്കുന്നത് നീളുന്നു

തുലാമഴയ്ക്ക് ഒരു ശമനം ഉണ്ടായില്ലെങ്കിൽ കൃഷി ഇറക്കുക വലിയ വെല്ലുവിളിയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ അധികൃതർ തയ്യാറായാൽ മാത്രമേകൃഷി ഇറക്കാൻ സാധിക്കുകയുള്ളൂ

- കർഷകർ