
അമ്പലപ്പുഴ : ആന്റിറാബീസ് വാക്സിൻ എടുത്തിനെത്തുടർന്ന് തളർന്ന് വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തകഴി പതിമൂന്നാം വാർഡ് സോംജി ഭവനിൽ സോമന്റെ ഭാര്യ ശാന്തമ്മ (61) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രിയോടെ മരിച്ചത്. ഒക്ടോബർ 21ന് മുയൽ കടിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ശാന്തമ്മയ്ക്ക് ആന്റി റാബീസ് വാക്സിനെടുത്തു. തുടർന്ന് ഇവർ തളർന്നുവീഴുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ചികിത്സയ്ക്ക് ശേഷം വാർഡിലേക്ക് മാറ്റി. വീട്ടിൽ കൊണ്ടുപൊയ്ക്കോളാൻ ഡോക്ടർമാർ പറഞ്ഞെങ്കിലും വീട്ടുകാർ കൂട്ടാക്കാതിരുന്നതിനെത്തുടർന്ന് 29ന് വീണ്ടും ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.
ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ ആശുപത്രി സൂപണ്ടിനും അമ്പലപ്പുഴ പൊലീസിലും പരാതി നൽകിയിരുന്നു. എന്നാൽ, ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: സോണിയ, സോംജി. മരുമക്കൾ: തമ്പി ,പൂജ.