
ആലപ്പുഴ: അരുംകൊലയ്ക്കു ശേഷം മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കുന്ന ക്രൂരതയ്ക്കും കുപ്രസിദ്ധമാകുകയാണ് ആലപ്പുഴ. ഇന്നലെ പുറത്തുവന്ന വിജയലക്ഷ്മി സംഭവമുൾപ്പെടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സമാന സ്വഭാവമുള്ള അരഡസൻ കൊലപാതക കേസുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായുണ്ടായത്. ഞെട്ടിച്ച അരുംകൊലകളിലൂടെ.
ഏപ്രിൽ 22
പൂങ്കാവ് പടിഞ്ഞാറ് വടക്കുപറമ്പിൽ റോസമ്മയെ (61) സഹോദരൻ ബെന്നി കൊന്ന് വീടിനു പിന്നിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. റോസമ്മയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ചുറ്റികകൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. നാലാം ദിവസമാണ് വിവരം പുറംലോകമറിഞ്ഞത്.
ജൂലായ് 2
ഒന്നരപതിറ്റാണ്ടു മുമ്പ് കാണാതായ യുവതിയെ ഭർത്താവും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന് കണ്ടെത്തി. ചെന്നിത്തല ഇരമത്തൂർ മീനത്തേതിൽ കലയാണ് (22) കൊല്ലപ്പെട്ടത്. 5പേരെ പിടികൂടി. ഭർത്താവ് ഇരമത്തൂർ കണ്ണമ്പള്ളിൽ അനിൽ (45) ഇപ്പോഴും വിദേശത്താണ്. ഇരമത്തൂർ സ്വദേശികളായ സുരേഷ്, ജിനു രാജൻ, പ്രമോദ്, സന്തോഷ്, സോമൻ എന്നിവരാണ് അറസ്റ്റിലായത്.
ആഗസ്റ്റ് 11
വീട്ടിൽ പ്രസവിച്ച നവജാതശിശുവിനെ മറവുചെയ്തെന്ന കേസിൽ യുവതിയും ആൺസുഹൃത്തും ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. യുവതി രക്തസ്രാവത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. തകഴി കുന്നുമ്മയിൽ പാടശേഖരത്തിന്റെ ബണ്ടിൽ കുഞ്ഞിനെ കുഴിച്ചിട്ടെന്ന് കണ്ടെത്തി. കുട്ടിയുടെ മാതാവ് സോന, കാമുകൻ തോമസ്, സുഹൃത്ത് അശോകൻ എന്നിവരാണ് അറസ്റ്റിലായത്.
സെപ്തംബർ 2
പള്ളിപ്പുറത്ത് നവജാതശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ യുവതിയും ആൺസുഹൃത്തും അറസ്റ്റിലായി. യുവതിയെ കാണാനെത്തിയ ആശാപ്രവർത്തകയോട് കുഞ്ഞിനെ ദത്തു നൽകിയെന്നു പറഞ്ഞതാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. അഞ്ചു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ യുവതിയുടെ ആൺസുഹൃത്ത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ശൗചാലയത്തിന് സമീപം കുഴിച്ചിടുകയായിരുന്നു. കുഞ്ഞിന്റെ അമ്മ പള്ളിപ്പുറം കായിപ്പുറത്ത് ആശ (35), ഇവരുടെ ബന്ധു പള്ളിപ്പുറം രാജേഷാലയത്തിൽ രതീഷ് (39) എന്നിവരാണ് പിടിയിലായത്.
സെപ്തംബർ 10
എറണാകുളത്തു നിന്ന് ആഗസ്റ്റ് 4ന് കാണാതായ വൃദ്ധയുടെ മൃതദേഹം കലവൂർ കോർത്തുശ്ശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കൊച്ചി സ്വദേശി സുഭദ്രയാണ് (73) കൊല്ലപ്പെട്ടത്. പ്രതികളായ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ്, ഭാര്യ ഉഡുപ്പി സ്വദേശി ശർമിള, മാത്യൂസിന്റെ ബന്ധു റെയ്നോൾഡ് എന്നിവർ അറസ്റ്റിലായി.
മൃതദേഹം കുഴിച്ചിടുന്നതോടെ തെളിവ് നശിപ്പിക്കപ്പെടുമെന്നാണ് പ്രതികൾ ധരിക്കുന്നത്. ദൃശ്യം സിനിമയും ഇത്തരം കുറ്റകൃത്യങ്ങൾക്ക് പ്രേരണയായിട്ടുണ്ടാകാം
- ഡോ. മോഹൻറോയ്, മനോരോഗ വിദഗ്ദ്ധൻ, തിരു.മെഡിക്കൽ കോളേജ്