ആലപ്പുഴ: കാമുകിയെ ലൈംഗിക ബന്ധത്തിനുശേഷം കൊന്ന് അയൽവാസിയുടെ പറമ്പിൽ കുഴിച്ചിട്ടു. വസ്ത്രം തൊട്ടടുത്ത് നിർമ്മാണം നടക്കുന്ന വീടിന്റെ ടോയ് ലറ്റിലിട്ട് കത്തിച്ചു. അമ്പലപ്പുഴയിലാണ് ദൃശ്യം മോഡൽ അരുംകൊല.
ഈമാസം 6ന് കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ കൊല്ലം കുലശേഖരപുരം കൊച്ചുമാമ്മൂടിൽ വാടകയ്ക്ക് താമസിക്കുന്ന വിജയലക്ഷ്മിയാണ് (48)അന്ന് അർദ്ധരാത്രിക്കു ശേഷം കൊല്ലപ്പെട്ടത്. പ്രതി അമ്പലപ്പുഴ കരൂർ പുതുവൽ ജയചന്ദ്രനെ (53) പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു ബന്ധത്തെച്ചൊല്ലിയുള്ള വഴക്കാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
വിജയലക്ഷ്മിയെ കാണാനില്ലെന്ന് 13ന് സഹോദരി കരുനാഗപ്പള്ളി പൊലീസിൽ പരാതിപ്പെട്ടിരുന്നു. കൊലയ്ക്ക് ശേഷം പ്രതി കെ.എസ്.ആർ.ടി.സി ബസിൽ ഉപേക്ഷിച്ച വിജയലക്ഷ്മിയുടെ മൊബൈൽഫോൺ കണ്ടെത്തിയത് തുമ്പായി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ജയചന്ദ്രൻ കുറ്റം സമ്മതിച്ചു. ഇന്നലെ ജയചന്ദ്രനെ സംഭവസ്ഥലത്തെത്തിച്ച് മൃതദേഹം പുറത്തെടുത്തു. നഗ്നമായിരുന്നു മൃതദേഹം. സംശയം തോന്നാതിരിക്കാൻ കുഴിയുടെ മുകൾ ഭാഗം കോൺക്രീറ്റും ചെയ്തിരുന്നു.
അഴീക്കൽ തുറമുഖത്ത് മത്സ്യബന്ധനം നടത്തുകയാണ് ജയചന്ദ്രൻ. വിജയലക്ഷ്മി ഇവിടെ മത്സ്യക്കച്ചവടക്കാരിയും. അടുപ്പത്തിലായ ഇരുവരും രണ്ടു വർഷ മുമ്പ് പിണങ്ങി. വിജയലക്ഷ്മിക്ക് ഹാർബർ തൊഴിലാളി സുധീഷുമായുള്ള അടുപ്പമായിരുന്നു കാരണം. ശല്യം തുടർന്നപ്പോൾ, ജയചന്ദ്രനെ വിജയലക്ഷ്മി വീട്ടിൽ വിളിച്ചുവരുത്തി ആളെക്കൂട്ടി മർദ്ദിച്ചിരുന്നു. തങ്ങളുടെ ബന്ധം ജയചന്ദ്രന്റെ ഭാര്യയെയും മകനെയും അറിയിക്കുകയും ചെയ്തു. ഇതിനു പകവീട്ടാനുറച്ച ജയചന്ദ്രൻ പിറകേനടന്ന് വിജയലക്ഷ്മിയുമായി വീണ്ടും രമ്യതയിലെത്തി. കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇതെന്ന് കരുതുന്നു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു.
ആദിനാട് കാർത്തികപ്പള്ളി കിഴക്കതിൽ വീട്ടിൽ ഗോപാലപിള്ള- ഓമനയമ്മ ദമ്പതികളുടെ നാല് മക്കളിൽ മൂന്നാമത്തെയാളാണ് വിജയലക്ഷ്മി. കുട്ടിക്കാലത്ത് ഗോപാലപിള്ള ഉപേക്ഷിച്ചുപോയി. ഓമനയമ്മ ഒന്നരവർഷം മുമ്പ് മരിച്ചു. സഹോദരങ്ങൾ പലയിടത്താണ്. ഇടുക്കി സ്വദേശിയെ വിവാഹം ചെയ്ത വിജയലക്ഷ്മി പിന്നീട് ഈ ബന്ധം ഉപേക്ഷിച്ചു. രണ്ടു മക്കളും പിതാവിനൊപ്പമാണ്. ജയചന്ദ്രന് ഭാര്യയും മകനുമുണ്ട്.സംസ്കാരം ഇന്ന് കുലശേഖരപുരത്തെ കുടുംബവീട്ടിൽ.
കടലിൽ പോയി വന്നു,
പൊലീസ് വലയിലാക്കി
അമ്പലപ്പുഴ ക്ഷേത്രത്തിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഈമാസം ആറിന് വിജയലക്ഷ്മിയെ ജയചന്ദ്രൻ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നില്ല. രാത്രി ഒരുമണിയോടെ വിജയലക്ഷ്മിയുടെ ഫോണിലേക്ക് സുധീഷിന്റെ കാൾ വന്നതോടെ തർക്കമായി. പിടിച്ചുതള്ളിയപ്പോൾ തല കട്ടിലിലിടിച്ച് തലപൊട്ടിയെന്നാണ് ജയചന്ദ്രന്റെ മൊഴി. എന്നാൽ വെട്ടുകത്തി പോലുള്ള ആയുധം ഉപയോഗിച്ച് തലയ്ക്ക് പിന്നിൽ പലതവണ വെട്ടിയിട്ടുണ്ടെന്ന് ഇൻക്വസ്റ്റിൽ വ്യക്തമായി. മുഖത്ത് തലയണവച്ചും അമർത്തി. ഏഴിന് പുലർച്ചെ മൃതദേഹം കെട്ടിവലിച്ച് അയൽവാസിയുടെ പുരയിടത്തിലെത്തിച്ച് പിറകുവശത്ത് മതിലിനോട് ചേർത്ത് മറവ് ചെയ്തു. തൊട്ടടുത്ത ദിവസം ഇവിടെ ഗൃഹനിർമ്മാണത്തിന് കല്ലിടീൽ നടന്നെങ്കിലും, ജെ.സി.ബി വച്ച് പുരയിടം ഇളക്കിമറിച്ചിരുന്നതിനാൽ സംശയം തോന്നിയില്ല. രണ്ട് ദിവസശേഷം വീണ്ടും പുരയിടത്തിലെത്തിയാണ് ജയചന്ദ്രൻ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് ഉറപ്പിച്ചത്. അതിനു മുകളിൽ മണ്ണും വാരിയിട്ടു. ഇതിനു ശേഷം, ഒന്നും സംഭവിക്കാത്തപോലെ കടലിൽ മത്സ്യബന്ധനത്തിനുപോയി. 16ന് ഹാർബറിൽ മീനുമായി തിരിച്ചെത്തയപ്പോഴാണ് പൊലീസിന്റെ വലയിലായത്. ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചതെന്ന മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. വിജയലക്ഷ്മിയുടെ മൂന്നുപവൻ സ്വർണ്ണാഭരണം ഇയാൾ വിറ്റതായും കണ്ടെത്തി.
തുമ്പായി ഫോൺ
ബസിൽ ഉപേക്ഷിച്ച
സംഭവ ശേഷം ജയചന്ദ്രൻ വിജയലക്ഷ്മിയുടെ മൊബൈൽ ഫോണുമായി എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി. സ്വിച്ച് ഒഫ് ചെയ്ത് കണ്ണൂരിലേക്കുള്ള ബസിൽ ഉപേക്ഷിച്ചു. തന്റെ ഫോൺ ഓഫാക്കി വച്ചിട്ടായിരുന്നു യാത്രയും മടങ്ങിവരവും. ബസിൽ ഉപേക്ഷിച്ച നിലയിൽ കണ്ട ഫോൺ യാത്രക്കാരൻ കണ്ടക്ടർക്ക് നൽകി. കണ്ടക്ടർ ഡിപ്പോയിലെ പൊലീസ് എയ്ഡ് പോസ്റ്റിലേൽപ്പിച്ചു. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചതിനു പിന്നാലെ ഫോണിലേക്ക് വിജയലക്ഷ്മിയുടെ ബന്ധുക്കളുടെ വിളിയെത്തി. വിജയലക്ഷ്മി കൊല്ലപ്പെട്ട ദിവസം രാത്രി ജയചന്ദ്രനെ പലതവണ വിളിച്ചതും കാണാതായ സമയത്ത് ഇരുവരും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നെന്നും പൊലീസ് കണ്ടെത്തി.