അമ്പലപ്പുഴ : കൈയെത്തും ദൂരത്ത് അഞ്ചോളം അയൽ വീടുകൾ. തുമ്മിയാൽ പോലും അടുത്ത വീട്ടിൽ കേൾക്കാവുന്നത്ര മാത്രം ദൂരം. എന്നിട്ടും അയൽവീടിനുള്ളിൽ ഒരു കൊലപാതകം നടന്ന വിവരമോ, തുറന്ന പുരയിടത്തിൽ മൃതദേഹം കുഴിച്ചിട്ടതോ കരൂർ കിഴക്ക് പ്രദേശത്തെ ആരും അറിഞ്ഞില്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കരുനാഗപ്പള്ളി പൊലീസ് തുടർച്ചയായി വന്നുപോകുമ്പോഴും, തങ്ങളുടെ വീടിനോട് ചേർന്നൊരു മൃതദേഹം ഒളിഞ്ഞുകിടപ്പുണ്ടെന്ന് നാട്ടുകാർ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. ഇന്നലെ പുലർച്ചെ കരൂർ ഗ്രാമം ഉണർന്നത് 'ദൃശ്യം' മോഡൽ കൊലപാതക വിവരത്തിന്റെ നടുക്കത്തിലാണ്.
'ഒന്നര വർഷമായിട്ടുള്ളൂ അവർ ഇവിടെ താമസം തുടങ്ങിയിട്ട്. ജയചന്ദ്രൻ ആരോടും കാര്യമായി സംസാരിക്കാറില്ല. മുഖത്ത് പോലും നോക്കില്ല' കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ കൊലപ്പെടുത്തി അയൽപുരയിടത്തിൽ കുഴിച്ചിട്ട പ്രതി ജയചന്ദ്രനെ കുറിച്ച് കരൂർ നിവാസികൾക്ക് പറയാനുള്ളത് ഇത്രമാത്രമാണ്.
കടൽകയറ്റം പതിവായ പുറക്കാട് 18ാം വാർഡിൽ നിന്ന് പുനർഗേഹം പദ്ധതി വഴി മൂന്നാം വാർഡിൽ പണിത ഇരുനില വീട്ടിലാണ് ജയചന്ദ്രനും കുടുംബവും താമസിക്കുന്നത്. ഈ വീട്ടിലെ കിടപ്പുമുറിയിലായിരുന്നു അരുംകൊല.
സർക്കാർ ജീവനക്കാരും പകൽ പുറത്ത് ജോലിക്ക് പോകുന്നവരുമാണ് അയൽവീടുകളിലെ താമസക്കാരിലേറെയും. മിക്കപ്പോഴും പകൽ സമയം വീട്ടിലുണ്ടാവുക പ്രായമായ സ്ത്രീകൾ മാത്രമാകും. അടുത്തിടെ കുറുവ സംഘത്തിന്റെ ഭീഷണിയും വ്യാപകമായതോടെ എല്ലാ വീടുകളിലും സന്ധ്യക്ക് മുമ്പേ വാതിലടയ്ക്കും. ഇതാണ് കൊലപാതകം സംബന്ധിച്ച യാതൊരു സൂചനയും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ലഭിക്കാതിരിക്കാൻ കാരണം. ജയചന്ദ്രൻ ദിവസങ്ങളോളം കടലിൽ പോകുന്നതിനാൽ വീട്ടുജോലിയ്ക്ക് പോകുന്ന ഭാര്യ സുനിമോളും വിദ്യാർത്ഥിയായ മകനും സുനിമോളുടെ പുന്നപ്രയിലെ വീട്ടിലായിരുന്നു കൂടുതൽ ദിവസവും താമസം. ഇടയ്ക്കിടെ മാത്രമാണ് വീട്ടിലെത്തിയിരുന്നത്.
കൊലയിലേക്കെത്തിയ വഴി
നവംബർ 6ന് വിജയലക്ഷ്മി ജയചന്ദ്രന്റെ കരൂരിലെ വീട്ടിലെത്തി
രാത്രി 1മണിക്ക് വിജയലക്ഷ്മിക്ക് മറ്റൊരു കാമുകൻ സുധീഷിന്റെ ഫോൺ കോൾ വന്നു
ഫോൺവിളി സംബന്ധിച്ച് ജയചന്ദ്രനും, വിജയലക്ഷ്മിയും തമ്മിൽ തർക്കമുണ്ടായി
ജയചന്ദ്രൻ വിജയലക്ഷ്മിയെ തള്ളിയിട്ട് വെട്ടുകത്തി പോലുള്ള മാരകായുധം കൊണ്ട് തലയ്ക്ക് പിന്നിൽ വെട്ടി
മരണം ഉറപ്പിക്കാൻ തലയണ കൊണ്ട് മുഖം അമർത്തി
പുലർച്ചെ 2 മണിക്ക് കയർ കെട്ടി മൃതദേഹം അയൽ പുരയിടത്തിലെത്തിച്ച് കുഴിച്ചിട്ടു
നവംബർ 10ന് ജയചന്ദ്രൻ എറണാകുളം ട്രാൻ.സ്റ്റാൻഡിലെത്തി വിജയലക്ഷ്മിയുടെ ഫോൺ ബസ്സിൽ ഉപേക്ഷിച്ചു
നവംബർ 13ന് വിജയലക്ഷ്മിയെ കാണാനില്ലെന്ന പരാതി കരുനാഗപ്പള്ളി പൊലീസിന് ലഭിച്ചു
16ന് ശക്തികുളങ്ങര ഹാർബറിൽ ബോട്ടിൽ നിന്നിറങ്ങവേ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
15, 16, 17 തിയതികളിൽ കരുനാഗപ്പള്ളി പൊലീസ് കരൂരിലെത്തി പ്രാഥമിക തെളിവെടുത്തു
19 ന് രാവിലെ 11 മണിയോടെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് മൃതദേഹം കണ്ടെത്തി