അമ്പലപ്പുഴ : കരൂരിലെ അരുംകൊലയുടെ വാർത്ത കേട്ടുകൊണ്ടിരിക്കുമ്പോഴാണ് കൊലപാതകശേഷം തങ്ങൾ വീട് വയ്ക്കാൻ പോകുന്ന സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്നതെന്ന് ആംബുലൻസ് ഡ്രൈവറായ മനുവും ഭാര്യ കൃപയും അറിയുന്നത്.കഴിഞ്ഞ 8ന് ഇവിടെ ഇവർ കല്ലിടീൽ നടത്തിയിരുന്നു. 8 വർഷം മുമ്പാണ് ഇവിടെ സ്ഥലം വാങ്ങിയത്. ഇപ്പോൾ പുറക്കാട് സ്കൂളിന് സമീപം വാടക വീട്ടിലാണ് താമസം.
ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചതോടെയാണ് കല്ലിടീൽ നടത്തിയത്. ഇതിന് ഒരാഴ്ച മുമ്പ് ജെ.സി.ബി ഉപയോഗിച്ച് പുരയിടം വൃത്തിയാക്കിയിരുന്നു. മരങ്ങളുടെ കുറ്റിയും മറ്റും നീക്കം ചെയ്തിരുന്നതിനാൽ പുരയിടത്തിലെ മണ്ണ് മുഴുവൻ ഇളകി കിടക്കുകയായിരുന്നു.അതു കൊണ്ടാണ് 8 ന് കല്ലിടീൽ നടത്തിയപ്പോൾ ഇവിടെ കുഴിയെടുത്ത കാര്യം മനസിലാകാതിരുന്നത്. നവം.7ന് പുലർച്ചെ മൃതദേഹം ഇവിടെ കുഴിച്ചിട്ടെങ്കിലും, കോൺക്രീറ്റ് ചെയ്തിരുന്നില്ല. പിന്നീട് രണ്ടു ദിവസം കഴിഞ്ഞ് നായ മാന്തുന്നതു കണ്ടാണ് സിമിന്റും മെറ്റലും ഉപയോഗിച്ച് ജയചന്ദ്രൻ ഇവിടെ കോൺക്രീറ്റ് ചെയ്തത്.
വീടുവയ്ക്കാനിരിക്കുന്ന സ്ഥലത്തു നിന്ന് മൃതദേഹം പൊലീസ് കണ്ടെടുത്ത നടുക്കത്തിലാണ് മനുവും കൃപയും. ഇതേ അവസ്ഥയിലാണ് ജയചന്ദ്രന്റെ വീടിന് തെക്കുഭാഗത്ത് വീട് നിർമ്മിച്ചു കൊണ്ടിരിക്കുന്ന വിശ്വനും.ആറുമാസമായി വീടുപണി മുടങ്ങി കിടക്കുകയാണ്. ഇവരുടെ പണിതീരാത്ത ശുചി മുറിയിലാണ് വിജയലക്ഷ്മിയുടെ വസ്ത്രങ്ങൾ കൂട്ടിയിട്ട് ജയചന്ദ്രൻ തീയിട്ടത്.