കായംകുളം : നഗരസഭ വാർഡ് വിഭജന കരടിനെതിരെ കായംകുളത്ത് പ്രതിഷേധം. മുനിസിപ്പൽ നിയമവും ചട്ടവും സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീക്ഷൻ ഉത്തരവും ലംഘിച്ച് തയ്യാറാക്കി പ്രസിദ്ധീകരിച്ച, നഗരസഭ വാർഡ് വിഭജന കരടിനെതിരെ ഡിലിമിറ്റേഷൻ കമ്മീക്ഷനും ഹൈക്കോടതിയിലും പരാതി നൽകുമെന്ന് കെ.പി.സി.സി മെമ്പർ അഡ്വ: യു.മുഹമ്മദ് പറഞ്ഞു.ജനസംഖ്യയും ഭൂമിശാസ്ത്രപരമായ കിടപ്പും പരിഗണിച്ച് നിർദ്ദിഷ്ഠ വാർഡ് കളുടെ ആകൃതിയും വലിപ്പവും നിശ്ചയിക്കണമെന്നുളള നിർദ്ദേശം ലംഘിച്ചാണ് പല വാർഡുകൾ രൂപപ്പെടുത്തിയതെന്നാണ് ആക്ഷേപം. 25 ശതമാനത്തിലധികം വാർഡുകളിൽ 10 ശതമാനത്തിലധികം ജനസംഖ്യാവർദ്ധനവ് പാടില്ലന്നുള്ള നിർദ്ദേശം ലംഘിച്ചാണ് ജനസംഖ്യ ചേർത്തിട്ടുള്ളത്.ഏതെങ്കിലും മതത്തിന്റെയോ മതസ്ഥാപനങ്ങളുടെയോ പേരു വാർഡുകൾക്ക് നൽകാൻ പാടില്ലാത്തതാണന്നത് ലംഘിച്ചു. പ്രസിദ്ധീകരിച്ച കരട് വിഭജന റിപ്പോർട്ടിനോടപ്പം അതിർത്തികൾ രേഖപ്പെടുത്തിയ ഭൂപടം ലഭിച്ചിട്ടില്ല. സ്ഥാപിത താത്പര്യക്കാർക്ക് വേണ്ടി ഡീലിമിറ്റേഷൻ മാർഗ്ഗനിർദ്ദേശങ്ങളും നിയമവും ചട്ടവും ലംഘിച്ച് തയ്യാറാക്കി പ്രസിദ്ധീകരിച്ച കരട് വിഭജന റിപ്പോർട്ട് റദ്ദ് ചെയ്തു നിയമാനുസരണം വാർഡ് പുനർ വിഭജനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡീലിമിറ്റേഷൻ കമ്മീക്ഷന് പരാതി സമർപ്പിക്കുമെന്ന് യു.മുഹമ്മദ് പറഞ്ഞു.