ആലപ്പുഴ: ജില്ലാകോടതിപ്പാലത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഇന്നലെ മുതൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണം നഗരത്തെ ഗതാഗതകുരുക്കിൽ വീർപ്പുമുട്ടിച്ചു. വാടക്കനാലിന്റെ വടക്കേകരയിലെ മേൽപ്പാലത്തിന്റെ പൈലിംഗ് ഇന്നലെ ആരംഭിച്ചു. വൈ.എം.സി.എ ഭാഗത്തേക്കും പുന്നമടഭാഗത്തേക്കും നാല് സ്പാനുകൾ വീതമുള്ള മേൽപ്പാലങ്ങളാണ് നിർമ്മിക്കുന്നത്. പൈലിംഗിന് മുന്നോടിയായി വൈ.എം.സി.എ ജംഗ്ഷന് കിഴക്ക് ബിസ്മിഹൈപ്പർ മാർക്കറ്റ് മുതൽ ജില്ലാകോടതി പാലംവരെയുള്ള 120 മീറ്റർ നീളത്തിലുള്ള ഭാഗത്തെ ഗതാഗതമാണ് നിരോധിച്ചത്. കടുതൽ പൊലീസിനെ നിയോഗിച്ചാണ് കോടതിപ്പാലത്തിന് തെക്കേകരയിൽ ഗതാഗതം നിയന്ത്രിച്ചത്. മുഹമ്മ, വൈ.എം.സി.എ, കെ.എസ്.ആർ.ടി.സി, മുല്ലയ്ക്കൽ ഭാഗങ്ങളിൽ നിന്ന് വന്ന വാഹനങ്ങൾ ജില്ലാകോടതി പാലം ജംഗ്ഷനിൽ നീണ്ടനിരയായതോടെ ഗതാഗതകുരുക്കിൽ അമർന്ന് ജനം വലഞ്ഞു. പ്രസ്ക്ളബിന്റെ ഭാഗത്ത് നീണ്ട നിരയിലായിരുന്നു വാഹനങ്ങൾ. ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയതറിഞ്ഞ കാറുകളും മറ്റ് വാഹനങ്ങളും മട്ടാഞ്ചേരി പാലത്തിന് കിഴക്ക് ഭാഗത്തെ എ.എസ് കനാൽ കരയിലെ റോഡിലൂടെ പോയതിനാൽ ഗതാഗതകുരിക്കിന് ആശ്വാസം നൽകി. അടുത്ത മാസം മുല്ലയ്ക്കൽ ചിറപ്പും എത്തുന്നതോടെ നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാകും. മുല്ലയ്ക്കൽ ചിറപ്പിന് ശേഷം കോടതി പാലം പൊളിക്കുന്നതോടെ ഇരുകരകളിലെയും ഗതാഗതം നിരോധിക്കുന്നതോടെ ഗതാഗതകുരുക്ക് കൂടുതൽ രൂക്ഷമാകും.
.........
#ഗതാഗത നിയന്ത്രണം
മുഹമ്മ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പാലംകയറി കിഴക്കോട്ട് തിരിഞ്ഞ് പോകണം. പാലത്തിൽ നിന്ന് വലതോട്ട് തിരിഞ്ഞു പോകാൻ അനുവദിക്കില്ല.
കെ.എസ്.ആർ.ടി.സിയിൽ നിന്ന് മുഹമ്മയിലേക്ക് പോകുന്ന വാഹനങ്ങൾ ജില്ലാകോടതി പാലം വഴി പോകണം.
.........
"കോടതിപാലം ജംഗ്ഷനിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചു
ട്രാഫിക് പൊലീസ്