
ഹരിപ്പാട് : ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രധാനവഴി അടച്ചതോടെ വെട്ടുവേനി മറുതാ മുക്കിൽ നിന്ന് കാർത്തികപ്പള്ളി ഭാഗത്തേക്കുള്ള യാത്രാമാർഗം അടഞ്ഞു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന സർവ്വീസ് റോഡുകളിൽ വൈദ്യുതി പോസ്റ്റ് നിൽക്കുന്നതാണ് യാത്രാദുരിതമേറാൻ കാരണം. ആർ.കെ.ജംഗ്ഷൻ ഭാഗത്തുനിന്ന് വരുന്ന സർവീസ് റോഡിന്റെ പണി മറുതാ ഭാഗത്ത് നിർത്തി വച്ചിരിക്കുകയാണ്.
ഇവിടെ റോഡിന് നടുക്ക് നിൽക്കുന്ന വൈദ്യുതി തൂണുകളാണ് യാത്രയ്ക്ക് തടസം. മറുതാ മുക്ക് ഭാഗത്ത് നിന്ന് നങ്ങ്യാർകുളങ്ങര കവല ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ ഭാഗങ്ങളിലും നിരവധി വൈദ്യുതി തൂണുകളുണ്ട്. ഇവ സമയബന്ധിതമായി മാറ്റി സ്ഥാപിക്കാത്തതിനാലാണ് സർവീസ് റോഡ് പൂർത്തീകരിക്കാൻ കഴിയാത്തത്. തൂണുകൾ മാറ്റാനുള്ള ചിലവിലേക്കുള്ള പണം മുൻകൂറായി വൈദ്യുതി വകുപ്പിന് കൈമാറിയതായി ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരും കരാർ കമ്പനിയായ വിശ്വസമുദ്രയിലെ ഉദ്യോഗസ്ഥരും പറഞ്ഞു. വൈദ്യുതി വകുപ്പ് ജീവനക്കാരും മെല്ലെപ്പോക്ക് നയവും ഉദാസീനതയുമാണ് വൈദ്യുത തൂണുകൾ മാറ്റാത്തതിന് പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചു.
സ്കൂൾ വാഹനങ്ങളും ആംബുലൻസും എത്തില്ല
വഴി അടഞ്ഞതു മൂലം സ്കൂൾ വാഹനങ്ങളും ആംബുലൻസുകളും ഈ ഭാഗത്തേക്ക് എത്തില്ല
സ്കൂൾ കുട്ടികളും വയോജനങ്ങളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്
ദേശീയപാതയുടെ പടിഞ്ഞാറുള്ളവർ പ്രധാന പാതയിലേക്കെത്തണമെമെങ്കിൽ കിലോമീറ്ററുകളോളംചുറ്റണം
യാത്രാ ദുരിതം എന്നുമാറുമെന്നതിൽ നഗരസഭയോ: വൈദ്യുതി വകുപ്പോ വ്യക്തമായ ഉത്തരം നൽകുന്നില്ല.
ഉടൻ ശരിയാകും എന്ന മറുപടി കേട്ടുമടുത്തു. പരിഹാരമുണ്ടായില്ലെങ്കിൽ നഗരസഭ, ഇലക്ട്രിസിറ്റി ഓഫിസുകൾക്കു മുന്നിൽ ധർണ്ണയും മറ്റു സമരപരിപാടികളും നടത്തും
- നാട്ടുകാർ