മാന്നാർ: മാന്നാർ ഗ്രാമപപഞ്ചായത്ത് പടിഞ്ഞാറൻ മേഖലയിൽ ഒന്നു മുതൽ നാലുവരെയുള്ള പാടശേഖരത്തിന്റെ റെ നടുവിലായി സ്ഥിതി ചെയ്യുന്ന മൂർത്തിട്ട മുക്കാത്താരി റോഡുമായി ബന്ധപ്പെട്ട് ഒരുപറ്റമാളുകൾ പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ സമരം പ്രഹസനമാണെന്ന് സി.പി.എം മാന്നാർ വെസ്റ്റ് മേഖലാ ലോക്കൽ കമ്മിറ്റി കുറ്റപ്പെടുത്തി. ശോചനീയമായ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം നടത്തിയത്. അഞ്ച് കിലോമീറ്റർ ദൈർഘ്യവും ആറ് മീറ്റർ വീതിയുമുളള റോഡിന്റെ നിർമാണത്തിന് റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപയാണ് മന്ത്രി സജി ചെറിയാൻ അനുവദിച്ചത്. കൂടാതെ റോഡിന്റെ നിർമാണം ഊരാളുങ്കൽ സൊസൈറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. നേരത്തെ റോഡിന്റെ നിർമാണം ഏറ്റെടുത്ത കരാർ കമ്പനി നിർമാണത്തിൽ നിന്നും പിന്മാറുകയായിരുന്നു. മാത്രമല്ല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവിൽ വന്നതും റോഡ് നിർമാണത്തിന് കാലതാമസമുണ്ടാക്കി. മാന്നാർ പഞ്ചായത്തിൽ മന്ത്രി സജി ചെറിയാൻ നിരവധി പദ്ധതികൾക്ക് ഫണ്ട് അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തി വരവേ ധർണ നടത്തി മന്ത്രിക്കെതിരെ ബോധപൂർവം ആക്ഷേപിക്കുന്ന നിലപാട് സമരക്കാർ സ്വീകരിച്ചത് അപലപനീയമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സ്ഥാനാർഥിത്വം മോഹിച്ച് ഒരുപറ്റമാളുകൾ സംഘടിപ്പിച്ച ധർണ ജനങ്ങൾ തള്ളിക്കളഞ്ഞതായി സി.പി.എം മാന്നാർ വെസ്റ്റ് മേഖലാ ലോക്കൽ സെക്രട്ടറി ഷാജി മാനാംപടവിൽ പറഞ്ഞു.