മാന്നാർ: നടപ്പിലാകാൻ പോകുന്ന കാര്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസ് പടിക്കൽ ഒരുപറ്റം ആളുകൾ നടത്തിയ പ്രതിഷേധങ്ങൾ വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ടുള്ള വെറും നാടകമാണെന്നും മാന്നാർഗ്രാമ പഞ്ചായത്ത് പ്രസിഡിന്റ് ടി.വി.രത്നകുമാരിയും, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടിനേതാവ് വി.ആർ.ശിവപ്രസാദും പറഞ്ഞു. മൂർത്തിട്ട മുക്കാത്താരി റോഡ് നിർമ്മാണം ഇലമ്പനം തോട് നവീകരണം എന്നിവയ്‌ക്കെല്ലാം മന്ത്രി സജി ചെറിയാൻ തുക അനുവദിച്ചതും പ്രാരംഭ നടപടികൾ കൈക്കൊണ്ടിട്ടുള്ളതുമാണ്. ഇലമ്പനം തോട് അടിയന്തരമായി പായൽ നീക്കുവാൻ പഞ്ചായത്ത് ഒരു ലക്ഷത്തി അറുപത്തിഅയ്യായിരം രൂപ അനുവദിച്ച് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അനുവാദത്തിനായി കഴിഞ്ഞ 13ന് ചേർന്നവർക്കിംഗ് കമ്മിറ്റിയിൽ തീരുമാനമായതാണ്. ഇതെല്ലാം അറിഞ്ഞ് സമരം ചെയ്ത് നേടിയതാക്കി ആളാകാനുള്ള വിഫലമായ ശ്രമമാണ് നടത്തുന്നതെന്നും ഇത് ജനങ്ങൾ തള്ളിക്കളയുമെന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.