
തുറവൂർ:കുത്തിയതോട് പഞ്ചായത്തിലെ തഴുപ്പ് ഫെറി റോഡ് സ്വകാര്യവ്യക്തി കയ്യേറി ഫെറിയിൽ ഉണ്ടായിരുന്ന സ്ട്രീറ്റ് ലൈറ്റ് പിഴുതു മാറ്റിയതായി പരാതി. സർക്കാർ കടത്തു വള്ളമുൾപ്പെടെ സർവീസ് നടത്തുന്നതിനാൽ രാത്രി ഫെറിയിൽ എത്തുന്ന യാത്രക്കാർക്കായി സ്ഥാപിച്ചിരുന്ന വഴിവിളക്കാണ് നശിപ്പിച്ചത്. ചെല്ലാനം, പള്ളിത്തോട്, വല്ലേ ത്തോട്, എഴുപുന്ന തെക്ക് , പറയകാട്, തഴുപ്പ് മേഖലകളിലെ ജനങ്ങൾ ദേശീയപാതയിലെ കുത്തിയതോട്ടിൽ എത്താനായി ദീർഘകാലങ്ങൾക്ക് മുൻപേ ഉപയോഗിച്ചിരുന്ന കടവ് ആണിത്. മുമ്പ് ഇരുപതോളം യാത്രാവള്ളങ്ങൾ സർവീസ് നടത്തിയിരുന്നു. പ്രദേശവാസികളുടെ വീട്ടാവശ്യങ്ങൾക്കുംകാർഷി കാവശ്യങ്ങൾക്കും നിർമ്മാണ ആവശ്യങ്ങൾക്കുമുള്ള സാധന സാമഗ്രികൾ കയറ്റിയിറക്കുന്ന സ്ഥലമാണീ കടവ്. പിതൃകർമ്മങ്ങളും പണ്ടുമുതലേ ഈ കടവിലാണ് നടത്തിയിരുന്നത്. വാർഡ് അംഗവും 3 മുൻ വാർഡ് അംഗങ്ങളും ഒപ്പിട്ട പരാതി മാസങ്ങൾക്ക് മുൻപ് രേഖാമൂലം പഞ്ചായത്തിൽ നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കടവ് സംരക്ഷിക്കാൻ പ്രത്യക്ഷ സമരപരിപാടികൾക്കൊരുങ്ങുകയാണ് തഴുപ്പ് നിവാസികൾ.