
കായംകുളം: ദേശീയപാത നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുത്ത് കെട്ടിടത്തിന്റെ ഒരുഭാഗം പൊളിച്ചതോടെ വേണ്ടത്ര സ്ഥലസൗകര്യമില്ലാതെ വീർപ്പുമുട്ടുന്ന കായംകുളം ഗവ.ആയുർവേദ ആശുപത്രിക്ക് പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീത പാതയ്ക്കായി ഏറ്റെടുത്തതിന്റെ ബാക്കിയുള്ള സ്ഥലത്ത് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെങ്കിലും ഇവിടെ വേണ്ടത്ര സ്ഥലമില്ലാത്തതാണ് വെല്ലുവിളി.
1982ൽ തച്ചടി പ്രഭാകരൻ എം.എൽ.എ ആയിരിക്കെയാണ് 20 കിടക്കകളുള്ള ഗവ. ആയുർവേദ ആശുപത്രി അനുവദിച്ചത്. എം.എസ്.എം കോളേജിന്റെ കിഴക്കുവശം എം.എസ്.എം ട്രസ്റ്റ് വക കെട്ടിടത്തിലാണ് ആശുപത്രി ആദ്യം പ്രവർത്തനം ആരംഭിച്ചത്. മുൻമന്ത്രി പി.കെ.കുഞ്ഞിന്റെ നാമധേയത്തിൽ ആരംഭിച്ച ആശുപത്രിയുടെ പ്രവർത്തനം പിന്നീട് കൊറ്റുകുളങ്ങരയിലെ നഗരസഭയുടെ സ്ഥലത്തേക്ക് മാറ്റി.
പി.ജെ കുര്യൻ എം.പി ആയിരിക്കെ അദ്ദേഹത്തിന്റെ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടം സ്ഥലപരിമിതി മൂലം വളരെയേറെ ബുദ്ധിമുട്ടിലാണ് പ്രവർത്തിച്ചുവന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ആശുപത്രിയുടെ കെട്ടിടവും സ്ഥലവും ദേശീയപാത അതോറിറ്റി ഏറ്റെടുത്തു
കടുസുകെട്ടിടത്തിൽ പ്രവർത്തനം നടക്കില്ല
പകുതിയോളം കെട്ടിടംപൊളിച്ചു നീക്കേണ്ടി വന്നതിനാൽ ഇപ്പോൾ സ്വകാര്യ വാടക കെട്ടിടത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം
കൊറ്റുകുളങ്ങരയിലെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചെങ്കിലും ഇവിടെ സ്ഥലസൗകര്യമില്ലാത്തത് തിരിച്ചടിയാണ്
ഒരു ചെറിയ കെട്ടിടമാണ് ഇവിടെ നിർമ്മിക്കുന്നത് .രോഗികൾക്ക് കടന്നുവരുവാനോ നിന്ന് തിരിയുവാനോ ഇവിടെ സൗകര്യമില്ല
നിലവിലുള്ള നിബന്ധനകൾ അനുസരിച്ച് ഈ കെട്ടിടത്തിൽ ആശുപത്രി പ്രവർത്തിക്കുവാൻ കഴിയുകയുമില്ല
പുതിയസ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കുകയാണ് പോംവഴി. താലൂക്ക് ആസ്ഥാനങ്ങളിൽ മാത്രമുള്ള ആയുർവേദ ആശുപത്രിയുടെ സേവനങ്ങൾ പൂർണമായും കായംകുളത്തുകാർക്ക് ലഭ്യമാക്കുവാൻ
സർക്കാരും നഗരസഭയും തയ്യാറാകണം.
- എ.എം കബീർ, യു.ഡി.എഫ് കായംകുളം നിയോജകമണ്ഡലം ചെയർമാൻ