ആലപ്പുഴ: കൊലപാതകത്തിനു ശേഷം കൈക്കലാക്കിയ വിജയലക്ഷ്മിയുടെ നാലു പവൻ ആഭരണങ്ങൾ വിറ്റ് കടം തീർത്തെന്ന് ജയചന്ദ്രൻ. ആലപ്പുഴയിലെ ജൂവലറിയിൽ സ്വർണം വിറ്റ് കിട്ടിയ 1,70,000 രൂപയിൽ ഒരു ലക്ഷം രൂപയാണ് രണ്ടു പേരിൽ നിന്ന് വാങ്ങിയ പണം തിരിച്ചുകൊടുക്കാൻ വിനിയോഗിച്ചത്.
കൊല്ലം കുലശേഖരപുരം കൊച്ചുമാമ്മൂട്ടിൽ വാടകയ്ക്ക് താമസിച്ചു വന്ന വിജയലക്ഷിയെ (48) കൊന്ന് സമീപവാസിയുടെ പറമ്പിൽ കുഴിച്ചു മൂടിയ കാമുകൻ അമ്പലപ്പുഴ കരൂർ പുതുവൽ ജയചന്ദ്രനെ (53) കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറിന് നടന്ന സംഭവം ചൊവ്വാഴ്ചയാണ് നാടറിഞ്ഞത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കൃത്യസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും സ്വർണം വിറ്റതിന്റെ തെളിവുകളും ശേഖരിക്കാനും കൂടുതൽ ചോദ്യം ചെയ്യാനുമായി ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.