g

ആലപ്പുഴ: സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന കർഷകരുടെ കൃഷിയിടങ്ങളിൽ സൗജന്യമായി മരുന്നടിക്കാൻ പദ്ധതിയൊരുങ്ങുന്നു. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഒരു ലക്ഷം ഏക്കറിൽ സൗജന്യ സഹായമെത്തിക്കാൻ ആലപ്പുഴ മുല്ലയ്ക്കൽ ആസ്ഥാനമായ ശ്രീഹരിഹരപുത്ര ധർമ്മ പരിപാലന ട്രസ്റ്റും എറണാകുളം ആസ്ഥാനമായ സ്റ്റാർട്ടപ്പ് ഫ്യുസലേജ് ഇന്നവേഷൻസും തമ്മിൽ ധാരണയായി. പിന്നാക്ക, ആദിവാസി വിഭാഗത്തിന് മുൻഗണന നൽകുന്നതാണ് പദ്ധതി.

ഇന്ത്യയിൽ ആദ്യമായി തദ്ദേശിയമായി ഡ്രോൺ നിർമ്മിച്ച സ്റ്റാർട്ടപ്പാണ് ഫ്യുസലേജ്. ജീവകാരുണ്യ, സാമൂഹിക സേവന രംഗങ്ങളിൽ സജീവമായ ഹരിഹരപുത്ര ട്രസ്റ്റ്, കർഷകരെ സഹായിക്കാൻ സർക്കാർ സംവിധാനങ്ങളല്ലാതെ മറ്റാരും മുതിരുന്നില്ലെന്ന തിരിച്ചറിവിലാണ് പദ്ധതിക്ക് മുൻകൈയെടുത്തത്.

ആശയം ഷെമീർ

ഡ്രോൺ ഉപയോഗിച്ച് നെൽകൃഷിക്ക് മരുന്നടിച്ച് പ്രശസ്തനായ ഷെമീന്റെതാണ് ആശയം. മാന്നാർ സ്വദേശിയും കർഷകനുമായ അദ്ദേഹത്തിന് തന്നെയാണ് മേൽനോട്ടവും. കൃഷി ഭവനുകളുടെ സഹായത്തോടെ അർഹരായ കർഷകരെ കണ്ടെത്തും. ആദ്യഘട്ടമായി കുട്ടനാട്, പന്തളം ഭാഗങ്ങളിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിർദ്ധനരായ നെൽകർഷകരെ കണ്ടെത്തിക്കഴിഞ്ഞു. നെൽകൃഷിക്ക് ആവശ്യമുള്ള മൂന്ന് വളപ്രയോഗങ്ങളും സൗജന്യമായി നൽകും. രണ്ടാം ഘട്ടത്തിൽ തേയില, റബർ, പൈനാപ്പിൾ തുടങ്ങിയവ കൃഷി ചെയ്യുന്ന സാധാരണ കർഷകരെ കണ്ടെത്തും. മരുന്നിന് പുറമേ കാർഷികോപകരണങ്ങളും നൽകും. ശ്രീഹരിഹരപുത്ര മാനേജിംഗ് ട്രസ്റ്റി അജയ്കുമാർ കൈപ്പുഴ, അനൂപ് കുമാർ, ഗിരീഷ്, ഫ്യുസലേജ് ഇന്നോവേഷൻസ് മാനേജിംഗ് ഡയറക്ടർ ദേവൻ ചന്ദ്രശേഖരൻ തുടങ്ങിയവർ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടു.

കർഷകർക്ക് അധിക ലാഭം

ഉടൻ ആരംഭിക്കുന്ന പുഞ്ചകൃഷിക്കാണ് ആദ്യ സഹായം നൽകുക. ഒരേക്കറിൽ ഒരുപ്രവശ്യത്തെ വളപ്രയോഗത്തിന് സാധാരണ 1500 മുതൽ രണ്ടായിരം രൂപ വരെ ചെലവാകും. മൂന്ന് വളപ്രയോഗമാകുമ്പോൾ, വളത്തിന്റെ വിലയനുസരിച്ച് ആറായിരം മുതൽ എണ്ണായിരം രൂപ വരെ വേണ്ടി വരും. ഇതാണ് കൂട്ടായ്മ സൗജന്യമായി ചെയ്തുകൊടുക്കുന്നത്. മാത്രമല്ല,​ ഡ്രോൺ ഉപയോഗിച്ചുള്ള മരുന്നടിയിലൂടെ 35 ശതമാനം അധിക വിളവ് ലഭിക്കുമെന്നും ഷെമീർ പറയുന്നു. സാമ്പത്തിക പ്രയാസം നേരിടുന്ന കർഷകർക്ക് 90742 97668 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം.