tur

അരൂർ : അരൂർ പഞ്ചായത്തിന്റെ തീരമേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ നിരവധി കുടുംബങ്ങൾ ദുരിതത്തിൽ. കൈതപ്പുഴ കായലിൽ ജലനിരപ്പ് ഉയർന്നതിനാൽ പഞ്ചായത്തിലെ 5, 6, 8, 9, 10, 11, 14,15 എന്നീ വാർഡുകളിലെ നൂറുകണക്കിന് വീടുകളാണ് വെള്ളത്തിലായത്.

തീരമേഖലയിലെ ജനങ്ങൾക്ക് പുറമേ കുമ്പഞ്ഞി, ആഞ്ഞിലിക്കാട്, വെളുത്തുള്ളി, ഇളയപാടം, ചെട്ടുതറ പ്രദേശത്ത് താമസിക്കുന്നവരും വെള്ളക്കെടുതിയിലാണ്. കുമ്പത്തി പാടത്ത് മത്സ്യവാറ്റിനായി രാത്രികാലത്ത് കയറ്റുന്ന വെള്ളം തടത്തു നിർത്തുന്നതിനാൽ പ്രദേശവാസികൾ മുഴുവൻ സമയവും വെള്ളക്കെടുതിയിലാണ്. താഴ്ന്ന പ്രദേശത്തുകൂടി കടന്നുപോകുന്ന പഞ്ചായത്ത് റോഡുകളും പൊതുവഴികളും വെള്ളംകയറി സഞ്ചാരയോഗ്യമല്ലാതായി.

വർഷങ്ങളായി തുടരുന്ന അരൂരിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടന്നെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. ജനുവരി മുതൽ ഓരുവെള്ളത്തിന്റെ ഒഴുക്ക് കൂടുകയും പുരയിടങ്ങളിലെ ഫലവൃക്ഷങ്ങളും പച്ചക്കറി കൃഷിയും നശിക്കുന്നതും പതിവാണ്. നവംബർ, സിസംബർ മാസങ്ങളിൽ നിർമ്മിക്കേണ്ട ഓരുമുട്ടുകളും നിർമ്മിച്ചിട്ടില്ല.

സാംക്രമിക രോഗഭീതി

 വേലിയേറ്റസമയത്ത് കരകവിഞ്ഞൊഴുകി എത്തുന്ന വെള്ളം പുരയിടങ്ങളിലേക്കും വീടിനകത്തേക്കും കയറും

 അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യാനോ വീടിന് പുറത്തിറങ്ങാനോ കഴിയാത്ത സ്ഥിതിയാണ്

 വീടുകളിലെ കുട്ടികളും പ്രായമായവരുമാണ് ഏറ്റവുമേറെ ദുരിതമനുഭവിക്കുന്നത്

 മാലിന്യങ്ങളും ചെളിയും വീട്ടുമുറ്റത്ത് നിറയുന്നത് സാംക്രമിക രോഗഭീതി ഉയർത്തുന്നുണ്ട്

അധികൃതരുടെ അനാസ്ഥയെ തുടർന്ന് ഓരുമുട്ടുകൾ സമയബന്ധിതമായി നിർമ്മിക്കാത്തതും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്

- നാട്ടുകാർ