ആലപ്പുഴ : വൃശ്ചിക വേലിയേറ്റത്തിൽ പാടങ്ങളിലേക്ക് വെള്ളം ഇരച്ചെത്തുന്നതിനെത്തുടർന്ന് കുട്ടനാട്ടിൽ കർഷകർ കടുത്ത പ്രതിസന്ധിയിൽ. രണ്ടാം കൃഷിയുടെ കൊയ്ത്ത് അവസാന ഘട്ടത്തിലെത്തുകയും പുഞ്ചകൃഷിയുടെ വിതയ്ക്കായി മോട്ടോറുപയോഗിച്ച് വെള്ളം വറ്റിക്കുകയും ചെയ്യുന്നതിനിടെയാണ് വേലിയേറ്റം രൂക്ഷമായത്.

കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്ന അതിശക്തമായ വേലിയേറ്റത്തിൽ കുട്ടനാട് മേഖലയിലെ നിരവധി വീടുകളും റോഡുകളും വെള്ളത്തിലായി. സംഭവത്തിൽ കർഷകരുടെയും നാട്ടുകാരുടെയും പ്രതിഷേധം ശക്തമായതോടെ വേലിയേറ്റ സമയത്ത് തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകൾ അടയ്ക്കാനും ഉച്ചയ്ക്ക് ശേഷം തുറക്കാനും താൽക്കാലിക സംവിധാനം സജ്ജമാക്കിയെങ്കിലും ഇതുകൊണ്ട് പ്രയോജനമില്ലാത്ത സ്ഥിതിയാണ്. മുൻകാലങ്ങളിൽ ഡിസംബർ മാസത്തിലാണ് വൃശ്ചികവേലിയേറ്റം ഉണ്ടായിരുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെയും ന്യൂനമർദ്ദത്തിന്റെയും ഭാഗമായി ഇത്തവണ നവംബർ രണ്ടാംവാരത്തിൽ തന്നെ വേലിയേറ്റം കടുത്തതാണ് പ്രശ്നം രൂക്ഷമാക്കിയത്. വേലിയേറ്റവും കഴിഞ്ഞ ഏതാനും ആഴ്ചയായുള്ള കനത്ത മഴയും കാരണം കുട്ടനാട്ടിൽ പല പാടങ്ങളിലും കൊയ്ത്ത് പൂർ‌ത്തിയാക്കാനായിട്ടില്ല. പാടങ്ങളിൽ ബണ്ട് കവിഞ്ഞു വെള്ളംകയറുന്നതും മടവീഴ്ച ഭീഷണിനിലനിൽക്കുന്നതും പുഞ്ചകൃഷി താമസിക്കാനിടയാക്കും.

തണ്ണീർമുക്കം ബണ്ടിലെ മുഴുവൻ ഷട്ടറുകളും ക്രമീകരിക്കണം
 അതിതീവ്ര വേലിയേറ്റത്തിൽ നിന്ന് ജനങ്ങളെയും നെൽകൃഷിയേയും സംരക്ഷിക്കാൻ തണ്ണീർമുക്കത്തെ 90ഷട്ടറുകളും റെഗുലേറ്റ് ചെയ്യണം

 28 ഷട്ടറുകൾ മാത്രം ക്രമീകരിച്ചതോ 10 ഷട്ടറുകൾ കൂടി ക്രമീകരിക്കുമെന്ന പുതിയ തീരുമാനമോ പ്രയോജനം ചെയ്യില്ല

 സംഘടനാപ്രതിനിധികളും മത്സ്യകർഷകരും ഉദ്യോഗസ്ഥരുമുൾപ്പെട്ട സമിതിയുടെ ശുപാർശ ലഭിച്ചാലേ ഷട്ടറുകൾ സ്ഥിരമായി അടയ്ക്കാനാകൂ

 തണ്ണീർമുക്കം ബണ്ട് കൃഷിമന്ത്രിയുടെ മണ്ഡലത്തിലുൾപ്പെട്ടതായിട്ടും പ്രശ്നപരിഹാരത്തിന് മന്ത്രി ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്

തണ്ണീർമുക്കത്തെ മുഴുവൻ ഷട്ടറുകളും വേലിയേറ്റ സമയത്ത് അടയ്ക്കുകയും വേലിയിറക്ക സമയത്ത് തുറക്കുകയും ചെയ്താലേ ജനങ്ങൾക്കും കർഷകർക്കും ഗുണകരമാകൂ.

- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി

കുട്ടനാട്ടിലെ പലഭാഗങ്ങളും വേലിയേറ്റത്തിൽ ദുരിതത്തിലാകുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കളക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലെ തീരുമാനത്തിന് വിധേയമായേ ഷട്ടറുകൾ അടയ്ക്കാൻ കഴിയൂ. നിലവിൽ റെഗുലേറ്റ് ചെയ്ത് വേലിയേറ്റം പ്രതിരോധിച്ച് വരികയാണ്

- ഇറിഗേഷൻ വിഭാഗം