ആലപ്പുഴ : കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി വാടക്കനാലിന്റെ വടക്കേക്കരയിലെ റോഡ് അടച്ചതോടെ നഗരത്തിൽ ഗതാഗതകുരുക്ക് അതിരൂക്ഷം. കോടതിപ്പാലം ജംഗ്ഷനിൽ രാവിലെയും വൈകിട്ടും അരഡസനോളം പൊലീസുകാരുടെ സഹായത്തോടെയാണ് ഗതാഗത നിയന്ത്രണം. പാലത്തിന്റെ വടക്കേക്കരയിൽ പൈലിംഗ് ജോലികൾ ആരംഭിക്കുകയും പൈലിംഗ് നടത്തിയ സ്ഥലത്ത് കോൺക്രീറ്റ് ജോലികൾക്കായുള്ള കമ്പിപ്പണികൾ ആരംഭിക്കുകയും ചെയ്തെങ്കിലും പാലത്തിന് കിഴക്കേക്കരയിൽ നിർമ്മാണം നീളുന്നത് ദുരിതത്തിന് അറുതിയില്ലാത്ത സ്ഥിതിയുണ്ടാക്കും.
പാലത്തിന്റെ കിഴക്ക് വശത്ത് പൊലീസ് ഔട്ട് പോസ്റ്റിനും ഗോവണിപ്പാലത്തിനും ഇടയിൽ വാടക്കനാലിന്റെ കുറുകെ താൽക്കാലിക റോഡ് നിർമ്മാണം പൂർത്തിയാക്കി തണ്ണീർമുക്കം, പുന്നമട, സിവിൽ സ്റ്റേഷൻ , ഹൗസ് ബോട്ട് ടെർമിനൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ അതുവഴി തിരിച്ചുവിട്ടാൽ കോടതിപ്പാലത്തെ ഗതാഗതതിരക്ക് കുറയ്ക്കാനാകും.
മാതാജെട്ടിയിലേക്ക് ബോട്ട് ജെട്ടി മാറ്റി സ്ഥാപിച്ചശേഷം പഴയ ബോട്ട് ജെട്ടി പൊളിച്ചുനീക്കിയാലേ കനാലിലെ നീരൊഴുക്കിനായി കൂറ്റൻ പൈപ്പുകൾ സ്ഥാപിച്ചും തെങ്ങിൻതടികൾ തൂണുകളാക്കിയും താൽക്കാലിക റോഡ് നിർമ്മിക്കാനാകൂ. മാതാജെട്ടിയിലെ താൽക്കാലിക ബോട്ട് ജെട്ടിയ്ക്ക് വാട്ടർ , വൈദ്യുതി കണക്ഷനുകളും ലഭിക്കേണ്ടതുണ്ട്.
ചിറപ്പിന് മുമ്പ് പരിഹാരം വേണം
1. മുല്ലയ്ക്കൽ ചിറപ്പിന് മുന്നോടിയായി ബോട്ട് ജെട്ടി മാറ്റി കനാലിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച് താൽക്കാലിക റോഡ് സ്ഥാപിച്ചെങ്കിലേ ഇപ്പോഴത്തെ ദുരിതത്തിന് അറുതിയാകൂ.
2. കനാലിന്റെ തെക്കേക്കരയിലെ റോഡിന്റെ വശങ്ങൾ ഇടിഞ്ഞുതാഴ്ന്നിടത്ത് വടക്കേക്കരയിലെ പാർശ്വഭിത്തി പൊളിച്ചകല്ലും പാറയുമുൾപ്പെടെനിരത്തിയത് അപകടക്കെണിയായി
3. റോഡ് നിരപ്പിൽ നിന്നുയർന്ന നിലയിലുള്ള പാറകളും പാെട്ടിയ സ്ളാബുകളും കാൽനടക്കാരുൾപ്പെടെ തട്ടി വീഴാൻ കാരണമാകുന്നു. റോഡ് റോളർ ഉപയോഗിച്ച് ഇവ നിരപ്പാക്കണമെന്നാണ് ആവശ്യം.