ആലപ്പുഴ : തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേയുള്ള വാർഡ് പുനർനിർണ്ണയം രാഷ്ട്രീയ കക്ഷികൾക്ക് തലവേദനയാകുന്നു. ഭരണകക്ഷിക്ക് അനുകൂലമായതും, ഭരണം നിലനിർത്താൻ സാധിക്കുന്നതുമായ തരത്തിലാണ് വാർഡുകൾ വിഭജിച്ചിരിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. കരട് വിജ്ഞാപനം പുറത്ത് വന്നതോടെ അപ്പീലുമായി നിയമസഹായം തേടാനുള്ള തയാറെടുപ്പിലാണ് പ്രതിപക്ഷം.
ഡിസംബർ മൂന്നിനകം ജില്ലാ കളക്ടർക്കും, ഡീലിമിറ്റേഷൻ കമ്മീഷണർക്കും കോൺഗ്രസ് പരാതി നൽകും. ഉദ്യോഗസ്ഥരെ ഇരുട്ടിൽ നിർത്തി ഭരണമുന്നണിയുടെ നേതാക്കളാണ് പിന്നിൽ കളിച്ചതെന്നും ആരോപണമുണ്ട്. ജില്ലയിൽ ആലപ്പുഴ നഗരസഭ, മാരാരിക്കുളം തെക്ക് പഞ്ചായത്ത്, കോടംതുരുത്ത് തുടങ്ങിയ പഞ്ചായത്തുകളിലും രാഷ്ട്രീയക്കളി നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ പാർട്ടികൾ. ഡിജിറ്റൽ മാപ്പിങ്ങിന് ഉദ്യോഗസ്ഥർ നടത്തേണ്ട കാര്യങ്ങൾ സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചതിന് പിന്നിൽ ഒത്തുകളിയുണ്ടെന്നും പരാതി ഉയർന്നു.
ആലപ്പുഴ നഗരസഭയിൽ പരാതിപ്രളയം
ജില്ലയിൽ വാർഡ് പുനർവിഭജനത്തിൽ ഏറ്റവും ആക്ഷേപം ഉയർന്നത് ആലപ്പുഴ നഗരസഭയെ സംബന്ധിച്ചാണ്
കരട് പട്ടിക ഇറക്കുന്നതിന് മുമ്പ് നഗരസഭാ സെക്രട്ടറി അവധിയിൽ പ്രവേശിച്ചതിന് പിന്നിലും രാഷ്ട്രീയതാൽപര്യമെന്ന് ആരോപണം
സെക്രട്ടറിയുടെ ചാർജ്ജ് നൽകിയത് ഇടത് അനുകൂല യൂണിയനംഗമായ ഉദ്യോഗസ്ഥനാണ്
കോടംതുരുത്ത് പഞ്ചായത്തിൽ ജനസംഖ്യാ സെൻസസ് ശേഖരിച്ചതിൽ വലിയ പിഴവ് സംഭവിച്ചിട്ടുണ്ട്
മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ ജനസംഖ്യ കുറവുള്ള വാർഡുകൾ പുനഃക്രമീകരിച്ച് പുതിയ വാർഡ് സൃഷ്ടിച്ചെന്നാണ് ആക്ഷേപം
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ
സംസ്ഥാന സർക്കാരും ഡി ലിമിറ്റേഷൻ കമ്മീഷനും ഒത്തുകളിച്ചു
ഡിജിറ്റൽ മാപ്പിങ്ങ് സ്വകാര്യ കമ്പനിക്ക് നൽകിയതോടെ ഭരണമുന്നണി സ്വാധീനിച്ചു
ഉദ്യോഗസ്ഥരെ ഇരുട്ടിൽ നിർത്തി യൂണിയൻ നേതാക്കൾ ഇടപെടൽ നടത്തി
തദ്ദേശ സ്ഥാപന അദ്ധ്യക്ഷരാകാൻ ആഗ്രഹിക്കുന്നവർ ഇതിന് കൂട്ടുനിന്നു
ആലപ്പുഴ നഗരസഭയിൽ വാർഡ് പുനർനിർണ്ണയ വിഷയത്തിൽ രാഷ്ട്രീയ താത്പര്യം മുൻ നിർത്തിയുള്ള ഇടുപെടൽ നടന്നു
- ബി.ബാബു പ്രസാദ് , ഡി.സി.സി പ്രസിഡന്റ്