മാന്നാർ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ വിഭജിച്ചുള്ള കരട് വിജ്ഞാപനത്തിൽ മാന്നാർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ മാന്നാർ ടൗൺ വാർഡ് പരുമല എന്നായതിൽ ആക്ഷേപം ഉയർന്നു. ആലപ്പുഴ-പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിട്ട് ഒഴുകുന്ന പമ്പാ നദിക്ക് അക്കരെയുള്ള പത്തനംതിട്ട ജില്ലയിൽ ഉൾപ്പെട്ട ഭാഗമാണ് പരുമല. വെങ്കലനാടിന്റെ പെരുമയിൽ പ്രശസ്തമായ മാന്നാർ ടൗൺ വാർഡിന് ജില്ലക്ക് വെളിയിലുള്ള സ്ഥലനാമം നൽകിയത് തുടർന്നുള്ള ദിവസങ്ങളിൽ ഏറെ വിവാദം സൃഷ്ടിക്കും. 18 വാർഡുകൾ ഉണ്ടായിരുന്ന മാന്നാർ ഗ്രാമപഞ്ചായത്തിൽ ഒരു വാർഡ് കൂടി വർദ്ധിപ്പിച്ച് 19 വാർഡുകളാണ് കരട് വിജ്ഞാപനത്തിൽ ഉള്ളത്. നിലവിലുള്ള 11,12 വാർഡുകളിൽ നിന്നുമുള്ള ഭാഗങ്ങളെ ഉൾപ്പെടുത്തി പുതുതായി തൈച്ചിറ വാർഡ് രൂപീകരിച്ചു.
നിർദ്ദിഷ്ട വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവും കരട് വിജ്ഞാപനത്തോടൊപ്പമുണ്ട്. കരട് വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും, ജില്ലാ കളക്ടറേറ്റുകളിലും https://www.delimitation.lsgkerala.gov.inവെബ്സൈറ്റിലുംലഭ്യമാണ്.
വാർഡുകൾ
1 വള്ളക്കാലിൽ, 2 പാവുക്കര പോസ്റ്റ് ഓഫീസ്, 3 പാവുക്കര കിഴക്ക്, 4 സൊസൈറ്റി വാർഡ്, 5 പരുമല, 6 കുരട്ടിക്കാട്, 7 പഞ്ചായത്ത് ഓഫീസ്, 8 ഭൂവനേശ്വരി സ്കൂൾ, 9 സ്വിച്ച്ഗിയർ ഡിവിഷൻ, 10 മുട്ടേൽ, 11 തൈച്ചിറ, 12 കുന്നത്തൂർ, 13 കുട്ടംപേരൂർ, 14 കുളഞ്ഞിക്കരാഴ്മ, 15 പതിനഞ്ചിൽ, 16 തൈവിള, 17 ഹോമിയോ ആശുപത്രി, 18 സി.എച്ച്.സി, 19 ഇരമത്തൂർ
ആക്ഷേപങ്ങൾ 3വരെ
2024ഡിസംബർ 3വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം
ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്ടേർഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം
ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ പരിശോധിച്ച് ആവശ്യമായ തുടർനടപടി സ്വീകരിക്കും
ജില്ലാ കളക്ടർ മുഖേനയാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുക.കളക്ടർശുപാർശകളോടു കൂടി റിപ്പോർട്ട് നൽകും