അമ്പലപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി ജില്ലാ സർഗ സമന്വയം 23,25 തീയതികളിൽ പുന്നപ്ര ഗവ: ജെ.ബി.സ്കൂളിൽ നടക്കുമെന്ന് ജില്ലാ കോ- ഓർഡിനേറ്റർ ശ്രീലേഖാ മനോജ്, എസ്.എം.സി ചെയർമാൻ എസ്. രതീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 11 ഉപജില്ലകളിൽ നിന്നായി യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ 300 ഓളം പ്രതിഭകൾ മത്സരത്തിൽ പങ്കെടുക്കും. നാടൻപാട്ട്, കാവ്യാലാപനം, ചിത്രരചന, കവിതാ രചന, കഥാ രചന, അഭിനയം, പുസ്തകാസ്വാദനം എന്നീ 7 ഇനങ്ങളിലാണ് മത്സരം. ശിൽപ്പശാലകളിലൂടെയാണ് സാഹിത്യ പ്രതിഭകളെ കണ്ടെത്തുക. ഹൈസ്കൂൾ വിഭാഗത്തിൽ വിജയിക്കുന്ന സാഹിത്യ പ്രതിഭകൾക്ക് ഡിസംബറിൽ നടക്കുന്ന സംസ്ഥാന സർഗോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. 23 ന് രാവിലെ 10ന് നടക്കുന്ന പരിപാടി ആലപ്പുഴ എസ്.ഡി കോളേജ് അസോസിയേറ്റ് പ്രൊഫ.സജിത്ത് ഏവൂരേത്ത് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇ.എസ്. ശ്രീലത അദ്ധ്യക്ഷയാകും . തുടർന്ന് ശിൽപ്പശാലകൾ ആരംഭിക്കും. 25 ന് വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും എച്ച്.സലാം എം.എൽ.എ നിർവഹിക്കും.പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ അദ്ധ്യക്ഷയാകും.