ആലപ്പുഴ: ജില്ലാകോടതിപ്പാലത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് റോഡരികിൽ വിരിച്ച കല്ലുംമണ്ണും അപകടകെണി ഒരുക്കുന്നു. കഴിഞ്ഞ ദിവസം മുതൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം നഗരത്തെ ഗതാഗതകുരുക്കിൽ വീർപ്പുമുട്ടിച്ചു. ഇതിനെ തുടർന്ന് വാടക്കനാലിന്റെ തെക്കേകരയിലെ റോഡിന് വീതി വർദ്ധിപ്പിക്കുന്നതിനായി വിരിച്ച മണൽ ട്രോളർ ഉപയോഗിച്ച് ഉറപ്പിക്കാത്തത് ഇരുചക്രവാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വിനയാകുന്നത്. മുല്ലയ്ക്കൽ പോസ്റ്റ് ഓഫീസിലേക്ക് എത്തുന്ന പ്രായമാവരെയാണ് ദുരിതത്തിലാക്കുന്നത്. ഈ ഭാഗത്ത് വലിയ കല്ലുകൾ നിരന്ന് കിടക്കുന്നതാണ് യാത്രക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇരുചക്രവാഹനങ്ങൾ വലിയ വാഹനം വരുന്നത് കണ്ട് സൈഡിലേക്ക് മാറ്റുമ്പോൾ കല്ലിൽ തട്ടി തെന്നിമറിയുന്നതും പതിവാണ്. കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ പൂഴിമണൽ നിരത്താനാണ് കരാറുകാരോട് പറഞ്ഞത്. എന്നാൽ കരാറുകാർ വലിയ പാറയോടുകൂടിയ മണലാണ് വിരിച്ചത്. ഇത് ഭാരമേറിയ ട്രോളർ ഉപയോഗിച്ച് ഉറപ്പിക്കാനും നിർദ്ദേശിച്ചെങ്കിലും അത് പാലിച്ചില്ല. വാടക്കനാലികന്റെ വടക്കേക്കരയിലെ മേൽപ്പാലത്തിന്റെ പൈലിംഗ് പുരോഗമിക്കുന്നു. വൈ.എം.സി.എ ഭാഗത്തേക്കും പുന്നമടഭാഗത്തേക്കും നാല് സ്പാനുകൾ വീതമുള്ള മേൽപ്പാലങ്ങളാണ് നിർമ്മിക്കുന്നത്.

..........

"ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടും വിധം വിരിച്ച കല്ല് നിറഞ്ഞ ഗ്രാവൽ ഭാരമേറിയ വാഹനം ഉപയോഗിച്ച് ഉറപ്പിക്കണം. അപകടത്തിൽപ്പെട്ട് പരിക്ക് പറ്റുന്നവർക്ക് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ നഷ്ടപരിഹാരം നൽകണം.

വിനോദ്, ആലപ്പുഴ