ആലപ്പുഴ: കാവാലം തട്ടാശേരി പാലം നിർമ്മാണത്തിന് കിഫ്ബിയുടെ അന്തിമ സാമ്പത്തിക അനുമതി വൈകുന്നതിൽ പ്രതിഷേധം. അടുത്തിടെ ചേർന്ന കിഫ്ബി യോഗത്തിലും അനുമതി ലഭിക്കാതെ വന്നതോടെ ടെണ്ടർ നടപടികൾ ഇനിയും നീളുമെന്ന സ്ഥിതിയാണെന്ന് കാവാലം പാലം സമ്പാദക സമിതി ഭാരവാഹികൾ ആരോപിച്ചു. പാലത്തിന്റെ 46 കോടിയുടെ എസ്റ്റിമേറ്റ് 73 കോടിയായി വർദ്ധിപ്പിച്ചിരുന്നു. ഇതിനാണ് അനുമതി ലഭിക്കേണ്ടത്. ഇടപെടൽ ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി, കിഫ്ബി സി.ഇ.ഒ, ആലപ്പുഴ കലക്ടർ എന്നിവർക്ക് സമിതി നിവേദനം നൽകി. നടപടികൾ ഉണ്ടാകാത്തപക്ഷം ജനകീയ സമരം പുനരാരംഭിക്കാനും യോഗത്തിൽ തീരുമാനമായി.