
ചേർത്തല: സേവ് എ.എസ് കനാൽ കർമ്മപദ്ധതിയുടെ ഭാഗമായുള്ള ജനകീയ ശുചീകരണം 24ന് നടക്കും. ചേർത്തല നഗരസഭയുടെ നേതൃത്വത്തിൽ തുടക്കമിട്ട മാലിന്യമുക്ത പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ജനകീയ ശുചീകരണം. നഗരത്തിലൂടെയുള്ള കനാലിന്റെ അഞ്ചു കിലോമീറ്റർ ഭാഗമാണ് ശുചീകരിക്കുന്നത്.
രാവിലെ 7.15 മുതൽ 12വരെയുള്ള ശുചീകരണത്തിൽ മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ 5000 പേരാണ് പങ്കെടുക്കുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എസ്.സാബു,ശോഭാജോഷി,ഏലിക്കുട്ടി ജോൺ,ക്ലീൻസിറ്റി മാനേജർ എസ്.സുദീപ്,ആർ.എം.പത്മകുമാർ എന്നിവർ അറിയിച്ചു. അഞ്ചു കിലോമീറ്റർ പരിധിയിൽ ഇരുകരകളിലുമായി 50 കേന്ദ്രങ്ങളിലായാണ് ശുചീകരണം. ഓരോ കേന്ദ്രത്തിലും 200 വോളണ്ടിയർമാർ വീതം അണിനിരക്കും. വിവിധ രാഷ്ട്രീയ,കല,സാംസ്കാരിക,സംഘടനകളും യുവജന സംഘടനകളും,കുടുംബശ്രീ,അയൽകൂട്ടങ്ങൾ,റെസിഡന്റ്സ് അസോസിയേഷൻ തുടങ്ങിയവയും പങ്കാളികളാകും.
കനാലിന്റ ഇരുകരകളിലെയും പ്ലാസ്റ്റിക്ക്,പേപ്പർ, തുണിമാലിന്യങ്ങളും, ചപ്പുചവറുകളും,പുൽപടർപ്പുകളുമടക്കമാണ് നീക്കുന്നത്.അടുത്ത ഘട്ടത്തിൽ യന്ത്രസംവിധാനത്തിൽ കനാലിലെ പോളയും ചെളിയും നീക്കും.കനാൽ കമ്മിറ്റികളുടെയും വാർഡുതല കമ്മിറ്റികളുടെയും നാളുകളായുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ജനകീയ ശുചീകരണം.
8 കേന്ദ്രങ്ങളിൽ
ഉദ്ഘാടനം
#രാവിലെ 7.15ന് ശുചീകരണം ഉദ്ഘാടനം ചെയ്യും.പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം മന്ത്രി പി.പ്രസാദ് ശുചീകരണം ഉദ്ഘാടനം ചെയ്യും.ചെയർപേഴ്സൺ ഷേർളിഭാർഗവൻ അദ്ധ്യക്ഷയാകും
#ഇരുമ്പുപാലത്തിന് വടക്ക് പി.പി.ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്യും.വി.ടി.ജോസഫ് അദ്ധ്യക്ഷനാകും
# ടി.ബി.ജെട്ടിയിൽ ബി.ജെ.പി ദേശീയകൗൺസിലംഗം വെള്ളിയാകുളം പരമേശ്വരൻ ഉദ്ഘാടനം ചെയ്യും.പി.ഷാജിമോഹൻ അദ്ധ്യക്ഷനാകും
#കല്ലങ്ങാപ്പള്ളി സൊസൈറ്റിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും.ഐസക്ക്മാടവന അദ്ധ്യക്ഷനാകും
#ഇ.എം.എസ് വായനശാലയിൽ സംസ്ഥാന കാർഷിക സഹകരണബാങ്ക് പ്രസിഡന്റ് സി.കെ.ഷാജിമോഹൻ ഉദ്ഘാടനം ചെയ്യും.എൻ.ആർ.ബാബുരാജ് അദ്ധ്യക്ഷനാകും
#ആഞ്ഞിലിപാലത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും ഏലിക്കുട്ടിജോൺ അദ്ധ്യക്ഷയാകും
#വട്ടവെളിയിൽ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ് ഉദ്ഘാടനം ചെയ്യും. ജയലക്ഷ്മി അനിൽകുമാർ അദ്ധ്യക്ഷയാകും
#പി.എസ്.കവലയിൽ ദലീമജോജ എം.എൽ.എ ഉദ്ഘാടനം ചെയ്യും പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനാകും