അമ്പലപ്പുഴ: തകഴി ദേവസ്വം ബോർഡ് ഹൈസ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി, ഹയർ സെക്കൻഡറി വിഭാഗം സിൽവർ ജൂബിലി ആഘോഷങ്ങൾ നാളെ നടക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ എസ്.അജയകുമാർ, വൈസ് ചെയർമാൻ സി.വിനോദ് ചന്ദ്രൻ ,കൺവീനർ ലീന.ജെ, ജോയിന്റ് കൺവീനർ യു.പ്രഭ, സ്റ്റാഫ് സെക്രട്ടറി എം.എം.വരദ കുമാരി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹൈസ്കൂൾ വിഭാഗത്തിൽ 311 ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 325 ഉം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം. ആഘോഷ പരിപാടിയുടെ ഭാഗമായി ഡിസംബർ 6, 7 തീയതികളിലായി ദിശ എന്ന പേരിൽ കരിയർ ഗൈഡൻസും സംഘടിപ്പിക്കും. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 6ന് 75 നിലവിളക്കുകൾ കത്തിക്കും.നാളെ ഉച്ചക്ക് 12ന് കുട്ടികളുടെ കലാപരിപാടികൾ. 1.30 ന് കുന്നുമ്മ കനിവ് പാട്ടുകൂട്ടത്തിന്റെ നാടൻ പാട്ടും അരങ്ങേറും.വൈകിട്ട് 3ന് മന്ത്രി വി.എൻ.വാസവൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.തോമസ്.കെ.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ.യു .പ്രതിഭ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ മുഖ്യാതിഥികളാകും. കലാ കായിക ശാസ്ത്ര മേളകളിലെ വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉപഹാര സമർപ്പണം നൽകും. കൺവീനർ ലീന.ജെ റിപ്പോർട്ട് അവതരണവും പി.ടി.എ പ്രസിഡന്റ് മെമ്മോറാണ്ട സമർപ്പണവും നടത്തും.