ചേർത്തല: തണ്ണീർമുക്കത്തിന്റെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികൾ നടപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാകണമെന്ന് തണ്ണീർമുക്കം ജനകീയ വികസന കൂട്ടായ്മ ഭാരവാഹികൾ ആവശ്യപ്പെട്ടു.ഇതിനായി എല്ലാ രാഷ്ട്രീയ,മത,വിഭാഗങ്ങളുടെയും ജനങ്ങളുടെയും പങ്കാളിത്തവും പിൻതുണയും തേടുമെന്ന് കൂട്ടായ്മ ചെയർമാൻ എസ്.സുബ്രഹ്മണ്യൻ മൂസത്,ജനറൽ കൺവീനർ സി.പി.ബോസ് ലാൽ, മറ്റ് ഭാരവാഹികളായ ഡോ.എ.ടി.ദിലീപ്,പി.കെ.സുകുമാരൻ,ബേബി തോമസ് എന്നിവർ പറഞ്ഞു.
തണ്ണീർമുക്കം ഹൗസ് ബോട്ട് ടെർമിലന്റെ ഉദ്ഘാടനം അടിയന്തരമായി നടത്തുക,തണ്ണീർമുക്കം കേന്ദ്രീകരിച്ച് ടൂറിസം സർക്യൂട്ട് ഏർപ്പെടുത്തുക, മത്സ്യബന്ധനത്തിനും മത്സ്യ തൊഴിലാളികൾക്കും ദോഷം വരാതെ വേമ്പനാട്ടു കായലിൽ സീപ്ലെയിൻ നടപ്പാക്കുക,തണ്ണീർമുക്കം ബണ്ടിന്റെ മദ്ധ്യഭാഗത്തെ മൺചിറ പിക്നിക് സ്‌പോട്ട് ആക്കുക എന്നിങ്ങനെ നിരവധി വികസന പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.ഇതിന്റെ മുന്നോടിയായി 29ന് രാവിലെ 10ന് തണ്ണീർമുക്കം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ജനകീയ ശ്രദ്ധ ക്ഷണിക്കൽ ധർണ നടത്തും.