മാന്നാർ: ജനുവരി 20ന് ചെങ്ങന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്ന ദേശീയ സരസ് മേളക്ക് മാന്നാർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് പൊതുസഭ കൂടി സംഘാടക സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന നൗഷാദ് അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമതി അദ്ധ്യക്ഷ വൽസല മോഹൻ ഉദ്‌ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഗീതഹരിദാസ് സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാൻ വി.ആർ.ശിവപ്രസാദ്, അസി.സെക്രട്ടറി ഹരികുമാർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ചെയർപേഴ്സണായും സി.ഡി.എസ് ചെയർപേഴ്സൺ ഗീതഹരിദാസ് കൺവീനറായും 101 അംഗ കമ്മറ്റി രൂപീകരിച്ചു. എ.ഡി.എസ് പൊതുസഭ ചേർന്ന് എല്ലാവാർഡിലും സംഘാടക സമിതിക്ക് രൂപം നൽകും. വാർഡ് മെമ്പർ ചെയർമാനായും സി.ഡി.എസ് ചെർപേഴ്സൺ കൺവീനായും വാർഡ് തല സമിതി പ്രവർത്തിക്കും.