ആലപ്പുഴ: കസ്റ്റഡിയിലുള്ള കുറുവ സംഘത്തിലെ സന്തോഷ് ശെൽവവുമായി പൊലീസിന് ഇന്നലെയും തേനിയിൽ പോയിൽ തെളിവെടുപ്പ് നടത്താനായില്ല. മതിയായ സുരക്ഷയില്ലാത്തതിനാലാണ് യാത്രമാറ്റിയത്. കസ്റ്റഡി സമയം നാളെ അവസാനിക്കും. കൂടുതൽ കസ്റ്റഡി സമയം അനുവദിക്കുന്നതിന് കോടതിയെ സമീപിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ഇതിനുള്ള അനുമതി തേടി മണ്ണഞ്ചേരി പൊലീസ്, ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ നൽകി. അതേസമയം, തേനിയിൽ കൊണ്ടുപോകാതെ തന്നെ ഡിജിറ്റൽ രേഖകളുടെ അടിസ്ഥാനത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കുന്ന കാര്യവും പൊലീസിന്റെ സജീവ പരിഗണനയിലാണ്.
മണ്ണഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ മോഷണങ്ങളുമായി ബന്ധപ്പെട്ട് കൊച്ചി കുണ്ടന്നൂരിൽ നിന്ന് പിടിയിലായ കുറുവ സംഘാംഗം തമിഴ്നാട് തേനി കാമാക്ഷിപുരം സന്ദന മാരിയമ്മൻ കോവിൽ സ്ട്രീറ്റിൽ സന്തോഷ് ശെൽവവുമായി (25) കഴിഞ്ഞ ദിവസം
കോമളപുരത്തും കുണ്ടന്നൂരും തെളിവെടുപ്പ് നടത്തിയിരുന്നു.
സഹകരിക്കാതെ പ്രതി
അന്വേഷണവുമായി സന്തോഷ് ശെൽവം സഹകരിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. കൂടെയുണ്ടായിരുന്ന പ്രതിയെക്കുറിച്ചോ, മോഷണമുതൽ എന്തു ചെയ്തുവെന്നത് സംബന്ധിച്ചോ വ്യക്തമായ ഒരുവിവരവും ലഭിച്ചിട്ടില്ല. മുപ്പതിലധികം കേസുകളിലെ പ്രതിക്ക് പൊലീസ് നടപടികൾ നന്നായി അറിയാമെന്നതിനാൽ വിവരങ്ങൾ ബോധപൂർവം മറച്ചുവയ്ക്കുന്നതായും സംശയിക്കുന്നു.