a

മാവേലിക്കര : ആധുനിക സൗകര്യങ്ങളോടെ മോർച്ചറി കെട്ടിടം നിർമ്മിച്ചിട്ട് ഒരുവർഷം പിന്നിട്ടിട്ടും മാവേലിക്കര ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പുനരാരംഭിച്ചില്ല. പൊലീസ് സർജൻ ഇല്ലാത്തതാണ് കാരണം. തസ്തിക അനുവദിക്കുന്നത് വരെ താത്കാലിക സംവിധാനം എന്ന നിലയിൽ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരേയും ജീവനക്കാരേയും ചെങ്ങന്നൂർ ആശുപത്രിയിൽ അയച്ച് പോസ്റ്റുമോർട്ടം നടത്താനുള്ള പരിശീലനം നൽകിയിരുന്നു. ദൂരൂഹതകളില്ലാത്ത മരണങ്ങളുടെ പോസ്റ്റുമോർട്ടം ഇവരെക്കൊണ്ട് ചെയ്യിക്കാൻ ഒരു വർഷം മുമ്പ് മാവേലിക്കര ആശുപത്രി സന്ദർശിച്ച മന്ത്രി വീണ ജോർജ് ആശുപത്രി അധികൃർക്ക് നിർദ്ദേശം നൽകിയിരുന്നു. ഉടൻതന്നെ പൊലീസ് സർജന്റെ തസ്തിക അനുവദിക്കാമെന്നും മന്ത്രി അന്ന് ഉറപ്പ് നൽകി. എന്നാൽ മന്ത്രി ഒരു വർഷം പിന്നിട്ടിട്ടും അത് പാലിക്കപ്പെട്ടില്ല.

മാവേലിക്കരയിൽ പോസ്റ്റുമോർട്ടം നിലച്ചപ്പോൾ കായംകുളം ആശുപത്രിയിലേക്കാണ് കേസുകൾ റഫർ ചെയ്തിരുന്നത്. എന്നാൽ ഇവിടെയും സർജൻ സ്ഥലം മാറി പോയതോടെ പോസ്റ്റുമോർട്ടം നിലച്ചിരിക്കുകയാണ്. ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയാണ് ആശ്രയം.

കെട്ടിടം റെഡി, സർജൻ എത്തിയാൽ മതി

 കോവിഡ് കാലത്താണ് മാവേലിക്കരയിൽ പോസ്റ്റുമോർട്ടം നിർത്തിവെച്ചത്

 കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പോസ്റ്റുമോർട്ടത്തിനുള്ള സൗകര്യം ഇല്ലെന്ന പേരിലായിരുന്നു നടപടി

 പിന്നീട് ആധുനീക സൗകര്യങ്ങളോടെ പൂർണ്ണമായി ശീതീകരിച്ച മോർച്ചറി കെട്ടിടം ഇവിടെ നിർമ്മിച്ചു

 പോസ്റ്റുമോർട്ടം റൂം, ഇൻക്വസ്റ്റ് റൂം, ഡോക്ടർമാർക്കുള്ള വിശ്രമ മുറി എന്നിവയെല്ലാം പുതിയ കെട്ടിടത്തിലുണ്ട്

 മൃതദേഹങ്ങൾ സൂക്ഷിക്കുവാനുള്ള ഫ്രീസറുകളും സജ്ജീകരിച്ചിരുന്നു. 2 വർഷമായികെട്ടിടം ഉപയോഗിക്കാതെ കിടക്കുകയാണ്