pwd

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിലെ ടോയ്ലറ്റിന്റെ മേൽക്കൂരയുടെ സീലിംഗ് പൊളിഞ്ഞുവീണു. തിരുവനന്തപുരം ലീഗൽ മെട്രോളജി ജോയിന്റ് കൺട്രോളർ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ജി.ആർ.രാജീവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ വനിത ടോയ്ലറ്റിലെ പഴകിയ ക്ലോസറ്റ് തകർന്ന് ഉദ്യോഗസ്ഥയ്ക്ക് ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെയുണ്ടായ സംഭവം ജീവനക്കാരെ ഞെട്ടിച്ചു.

ആലപ്പുഴ ബീച്ചിന് സമീപത്തെ റെസ്റ്റ് ഹൗസിലെ ഒന്നാം നമ്പർ മുറിയിലെ ടോയ്ലറ്റിൽ ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. ഒരാഴ്ച മുമ്പ് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തിൽ സുരക്ഷാപരിശോധന പൂർത്തിയാക്കിയ റെസ്റ്റ് ഹൗസാണിത്. അരനൂറ്റാണ്ടോളം പഴക്കമുണ്ട് കെട്ടിടത്തിന്.

ആലപ്പുഴയിലെ ലീഗൽ മെട്രോളജി ഫ്ളയിംഗ് സ്ക്വാഡ് ഓഫീസിൽ ഓഡിറ്റിംഗിനായാണ് തിരുവനന്തപുരം പട്ടം ജോയിന്റ് കൺട്രോളർ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് രാജീവും സംഘവും വ്യാഴാഴ്ച വൈകുന്നേരം റെസ്റ്റ് ഹൗസിൽ റൂമെടുത്തത്. രാജീവും ഡ്രൈവർ ശിവകുമാറുമായിരുന്നു ഒന്നാം നമ്പർ റൂമിൽ താമസിച്ചിരുന്നത്. പ്രാഥമികകൃത്യങ്ങൾക്ക് ശേഷം രാജീവ് പുറത്തിറങ്ങി ടോയ്ലറ്റിന്റെ വാതിൽ അടച്ചതിന് പിന്നാലെയാണ് മുകളിൽനിന്നും മുക്കാൽ മീറ്ററോളം ഭാഗത്തെ സിമന്റ് പ്ളാസ്റ്ററിംഗും കുമ്മായവും പൊളിഞ്ഞുവീണത്.