ആലപ്പുഴ: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പോഷകസമൃദ്ധമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നാടുനീളെ പാചകമത്സരങ്ങൾ നടത്തുമ്പോൾ, സ്വന്തംവീട്ടിലെ അടുപ്പെരിക്കാൻ വകയില്ലാതെ വിഷമിക്കുകയാണ് സ്കൂൾ പാചക തൊഴിലാളികൾ. മൂന്നുമാസത്തെ ശമ്പള കുടിശ്ശികയിൽ ഒരു മാസത്തെ തുക കഴിഞ്ഞ ദിവസമാണ് അക്കൗണ്ടിൽ വന്നത്. രണ്ട് മാസത്തെ ശമ്പളത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.

പ്രതിദിനം 625 രൂപയാണ് ഇവരുടെ വേതനം. അഞ്ഞൂറ് കുട്ടികൾക്ക് ഒരു പാചക തൊഴിലാളിയെന്ന കർശനമാനദണ്ഡം മൂലം ഒറ്റയ്ക്ക് അമിത ജോലിഭാരം പേറുന്നവരാണ് അധികവും. സഹായിയെ വെച്ചാൽ അവർക്കുള്ള വേതനം കൈയിൽ നിന്ന് നൽകണം. തൊഴിലാളികളിൽ 99 ശതമാനവും സ്ത്രീകളാണ്. അവരിൽതന്നെ വലിയൊരു ശതമാനം പേരും 65 വയസ് പിന്നിട്ടവരാണ്. വിരമിക്കൽ പ്രായമോ, ആനുകൂല്യങ്ങളോ ഇല്ലാത്തതിനാൽ ശാരീരികഅവശതകൾക്കിടയിലും ജോലിക്കെത്തുകയാണ് മിക്കവരും.50 കുട്ടികൾക്ക് ഒരു പാചക തൊഴിലാളി എന്ന മാനദണ്ഡം പുനഃസ്ഥാപിക്കണം, ആരോഗ്യ പരിരക്ഷയും ആനുകൂല്യങ്ങളും, ശമ്പളം അതത് മാസം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് സ്കൂൾ പാചക തൊഴിലാളികൾ ഉന്നയിക്കുന്നത്.

വേണം തമിഴ്നാട് മോഡൽ

 തമിഴ്നാട്ടിൽ സ്കൂൾ പാചക തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചിട്ടുണ്ട്

 കേരളത്തിൽ 500 കുട്ടികൾക്ക് ഒരു തൊഴിലാളിയാണെങ്കിൽ, തമിഴ്നാട്ടിലത് മൂന്ന് തൊഴിലാളികളായി ഉയരും

 മിനിമം വേതനമുണ്ട്. വിരമിക്കൽ പ്രായമുണ്ട്. പ്രോവിഡന്റ് ഫണ്ടും, ഗ്രാറ്റുവിറ്റിയും ബോണസുമുണ്ട്

 ഇതൊന്നുമില്ലാത്ത കേരളത്തിലെ തൊഴിലാളികൾക്ക് പ്രസവകാല ആനുകൂല്യമുൾപ്പടെ അന്യമാണ്

 ജോലിക്കിടെ മരണപ്പെട്ടാൽ പോലും യാതൊരു സാമ്പത്തികാനുകൂല്യത്തിനും അവകാശമില്ല

 ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്താണ് ശമ്പളത്തിൽ നേരിയ വർദ്ധനവുണ്ടായത്

 ആറ് മാസത്തിലൊരിക്കൽ മെഡിക്കൽപരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ രണ്ടായിരം രൂപയിലധികം ചെലവുണ്ട്

ജില്ലയിൽ 800ലധികം തൊഴിലാളികൾ

പാവപ്പെട്ട തൊഴിലാളികൾക്ക് കൂലി നൽകാതെയാണ് സർക്കാർ സീപ്ലെയിൻ പോലുള്ള പദ്ധതി പറയുന്നത്. പണിയെടുത്ത കൂലി കിട്ടണമെങ്കിൽ സമരവും കേസും എന്ന നിലയിലേക്ക് തൊഴിലാളികളെ എത്തിച്ചിരിക്കുകയാണ്

- ബി.നസീർ, ജില്ലാ സെക്രട്ടറി, സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി