ആലപ്പുഴ: വാനരന്റെ വികൃതികളിൽ പൊറുതിമുട്ടിയിരിക്കുകയാണ് മുഹമ്മ ആര്യക്കര നിവാസികൾ. കഴിഞ്ഞ ഒരാഴ്ചയായി ആര്യക്കര ക്ഷേത്രം, സ്കൂൾ, മുഹമ്മ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും പരിസരത്തുമായി തമ്പടിക്കുന്ന വാനരനാണ് നാട്ടുകാർക്ക് തലവേദനയായത്. മരക്കൊമ്പുകളിലും വീടുകളുടെയും കെട്ടിടങ്ങളുടെയും ടെറസുകളിലുമാണ് വാനരന്റെ വാസം.

ആറുമാസത്തിന് ശേഷം ഒരാഴ്ച മുമ്പാണ് കുരങ്ങ് വീണ്ടും ആര്യക്കരയിലെത്തിയത്. യു.പി മുതൽ എച്ച്.എസ്.എസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളിൽ കുട്ടികളുടെ പിന്നാലെ ഓടുക, അവരുടെ കൈയ്യിലുള്ള സാധനങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുക , ക്ളാസ് മുറികളിലും കളിസ്ഥലത്തും പാഞ്ഞെത്തുക തുടങ്ങി വാനരന്റെ വിക്രിയകൾ സ്കൂളിന്റെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. സമീപത്തെ ക്ഷേത്രത്തിൽ നിന്നും പൂജാസാധനങ്ങളും വിളക്കും മറ്റും എടുത്തുകൊണ്ടുപോകുന്നത് ക്ഷേത്രം ജീവനക്കാർക്കും ഭക്തർക്കും തലവേദനയായിട്ടുണ്ട്. സമീപത്തെ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും വാനരശല്യത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ്. വനിതാ പൊലീസുകാരെ ഉൾപ്പെടെ ആക്രമിക്കാൻ ശ്രമിക്കുകയും സ്റ്റേഷൻ കോമ്പൗണ്ടിൽ കടന്ന് നാശനഷ്ടങ്ങൾക്ക് ശ്രമിക്കുകയും ചെയ്യുന്നത് പതിവായത് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. സ്കൂളിൽ കുട്ടികളെ ഉപദ്രവിക്കുമെന്ന് ഭയന്ന് ദിവസങ്ങളായി പടക്കം പൊട്ടിച്ചാണ് സ്കൂൾ പരിസരത്തുനിന്ന് അദ്ധ്യാപകർ വാനരനെ തുരത്തുന്നത്.