ആലപ്പുഴ : ശാസ്ത്രമേളയും പാർട്ടി സമ്മേളനങ്ങളും സ്വകാര്യ പരിപാടികളുടെതും ഉൾപ്പെടെ ഫ്ളക്സിൽ മുങ്ങി നാടും നഗരവും. കോടതി ഉത്തരവ് വകവയ്ക്കാതെയാണ്

ജില്ലയിലെ പാതയോരങ്ങൾ കമാനങ്ങളും ഫ്ളക്‌സ് ബോർഡുകളും കൊണ്ട്

നിറഞ്ഞത്. ഭരണ,പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും സ്വകാര്യസ്ഥാപനങ്ങളുമാണ് കാഴ്ച മറയ്ക്കുന്ന രീതിയിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നോ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിൽ നിന്നോ മുൻകൂർ അനുമതിയില്ലാതെയാണ് ഇവയിൽ മിക്കതും സ്ഥാപിച്ചിട്ടുള്ളത്. ബോർഡുകൾ ഗതാഗത തടസത്തിനിടയാക്കിയാലും നടപടിയുണ്ടാകാറില്ല. തടി, ഇരുമ്പ് ഫ്രെയിമുകളിൽ തീർത്ത ബോർഡുകൾ ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും കെട്ടിവച്ചിരിക്കുകയാണ്. വളവുകളിലും പാലങ്ങളിലുമാണ് ഫ്‌ളക്സ് ബോർഡുകൾ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നത്. നഗരത്തിലെ ജില്ലാക്കോടതി പാലം, ഇരുമ്പുപാലം, ശവക്കോട്ടപ്പാലം, കല്ലുപാലം എന്നിവയുടെ ഇരു കൈവരികളും ഫ്ളക്‌സ് ബോർഡുകളും ബാനറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിളക്ക് കാലുകളെയും വെറുതെവിട്ടിട്ടില്ല.

ക്യൂ.ആർ കോഡില്ലേയില്ല !

പരസ്യ പ്രചാരണ ബോർഡ്, ബാനർ, ഹോർഡിങ്ങുകൾ എന്നിവയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡ് ക്യു .ആർ കോഡ് നിർബന്ധമാക്കിയിട്ടുണ്ട്. പി.വി.സി ഫ്രീ, റീ സൈക്ലബിൾ ലോഗോ, പ്രിന്റിംഗ് യൂണിറ്റിന്റെ പേര്, ഫോൺ നമ്പർ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റിന്റെ ക്യൂ.ആർ കോഡ് എന്നിവ നിർബന്ധമാ ണെങ്കിലും പലതിലും അതില്ല.പി.സി.ബി സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെയും പ്രിന്റ് ചെയ്ത സ്ഥാപനത്തിനെതിരെയും നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാൽ, ഇതൊന്നും പാലിക്കപ്പെടുന്നില്ല.

നടപടി വിളിച്ചുവരുത്തും

#മലിനീകരണ നിയന്ത്രണ ബോർഡിന്റെ സാക്ഷ്യപത്രം ക്യൂ.ആർ കോഡ് പ്രിന്റ് ചെയ്യാത്തവർ മെറ്റീരിയൽ സ്റ്റോക്കും പ്രിന്റും ചെയ്യാൻ പാടില്ല

#ബോർഡ് സർട്ടിഫൈ ചെയ്ത റീസൈക്കിൾ ചെയ്യാവുന്ന പോളി എത്തിലീനും, 100 ശതമാനം കോട്ടണും മാത്രമേ ഉപയോഗിക്കാവൂ

#ഉപയോഗശേഷമുള്ള പോളിഎത്തിലീൻ റീസൈക്ലിംഗിനായി സ്ഥാപനത്തിൽ തിരിച്ചേല്പിക്കണമെന്ന് പ്രദർശിപ്പിച്ചിരിക്കണം

പിഴ (രൂപയിൽ)

ആദ്യം......... 10,000

രണ്ടാമത്... 25,000

ആവർത്തിച്ചാൽ..........50,000

ലൈസൻസ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടി സ്വീകരിക്കും. അനധികൃതമായി സ്ഥാപിക്കുന്ന ബോർഡുകൾക്ക് പിഴ ഈടാക്കും. പി.സി.ബി ക്യൂ.ആർ കോഡ് രേഖപ്പെടുത്താതെ ബോർഡ് സ്ഥാപിച്ചവർക്കെതിരെയും പ്രിന്റ് ചെയ്ത സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിക്കും

-ജില്ലാ ശുചിത്വമിഷൻ, ആലപ്പുഴ.