ആലപ്പുഴ : രണ്ടാം കൃഷിയുടെ നെല്ല് സംഭരണം അവസാനഘട്ടത്തിലെത്തിയിട്ടും സംഭരിച്ച നെല്ലിന്റെ വില വിതരണം ചെയ്യുന്നതിലെ അനിശ്ചിതത്വം ഒഴിയുന്നില്ല. സപ്ളൈകോയ്ക്ക് ബാങ്കുകൾ വായ്പയായി പണം നൽകുന്ന കാര്യത്തിൽ വ്യക്തതയില്ലാതിരിക്കെ തങ്ങളുടെ അദ്ധ്വാനത്തിന്റെ കൂലി എപ്പോൾ ലഭിക്കുമെന്ന് തീർച്ചയില്ലാതെ കർഷകരും ആശങ്കയിലാണ്.
പുഞ്ചകൃഷിയുടെ തയ്യാറെടുപ്പ് ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കെ കഴിഞ്ഞ ഏതാനും ആഴ്ചയായുള്ള മഴയും വൃശ്ചികവേലിയേറ്റവും നിമിത്തം ചില പാടങ്ങളിൽ ഇനിയും കൊയ്ത്ത് അവസാനിച്ചിട്ടില്ല. മഴയും പാടത്തിലെ വെള്ളവും കാരണം പതിരിന്റെയും ഈർപ്പത്തിന്റെയും പേരിൽ മില്ലുകാർ കർഷകരെ ചൂഷണം ചെയ്യുന്നത് വ്യാപകപരാതികൾക്കിടയാക്കിയിട്ടുണ്ട്. ആറും ഏഴും കിലോ നെല്ലാണ് കിഴിവായി മില്ലുകാർ ഈടാക്കുന്നത്. കുട്ടനാട് മേഖലയിലെ നെടുമുടി, ചമ്പക്കുളം , തകഴി കൃഷിഭവനുകൾക്ക് കീഴിലാണ് രണ്ടാംകൃഷി വിപുലമായി നടന്നത്. ഇവിടങ്ങളിലെല്ലാം കൊയ്ത്തിന് പാകമായതോടെ വിളവെടുപ്പ് ആരംഭിച്ചെങ്കിലും ഇടയ്ക്കിടെയുണ്ടാകുന്ന ശക്തമായ മഴ കൊയ്ത്തിന് തടസമാണ്.
വിലയുടെ കാര്യത്തിലും നിശ്ചയമില്ല
കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ വിലപോലും പൂർണമായും കൊടുത്തു തീർത്തിട്ടില്ല
സപ്ളൈകോയും ബാങ്ക് കൺസോർഷ്യങ്ങളും തമ്മിലുള്ള വായ്പാ ഇടപാടുകളിൽ തീർപ്പായിട്ടില്ല
രണ്ടാം കൃഷിയുടെ നെല്ലിന്റെ വില വിതരണവും താറുമാറാകുമെന്ന ആശങ്കയിൽ കർഷകർ
യന്ത്രവാടകയിലും നഷ്ടം
പാടങ്ങളിലെ വെള്ളവും നെൽച്ചെടി ഒടിഞ്ഞുവീണതും കാരണം ഉദ്ദേശിക്കുന്ന വേഗത്തില്ല കൊയ്ത്ത് നടക്കുന്നത്. സാധാരണ ഗതിയിൽ ഒരു ടാങ്ക് നിലനെല്ല് കൊയ്യാൻ 13 മുതൽ 15 മിനിട്ട് വരെ മതിയാകുമായിരുന്നെങ്കിൽ ഇപ്പോൾ 20 മുതൽ 25 മിനിട്ട് വരെ എടുക്കുന്നുണ്ട്. ഇത് കൊയ്ത്ത് യന്ത്രത്തിന്റെ വാടക ഇനത്തിൽ കൂടുതൽ പണം ചെലവഴിക്കാൻ ഇടയാക്കും. കൊയ്ത്തിന് റോഡരികിലുള്ള പാടങ്ങളിൽ മണിക്കൂറിന് 2000രൂപയും ചങ്ങാടങ്ങൾ വേണ്ടിവരുന്നിടത്ത് 2200 രൂപയുമാണ് സർക്കാർ നിശ്ചയിച്ച വാടക. എന്നാൽ പല പാടശേഖരങ്ങളിലും കൊയ്ത്തിന് ഇതിലധികം പണം മുടക്കേണ്ട അവസ്ഥയിലാണ്.
നെൽവില വിതരണത്തിലെ കാലതാമസം ഒഴിവാക്കണം. പാഡി ഓഫീസർമാർ സീസണിന് മുമ്പ് തമിഴ്നാട്ടിൽ നിന്ന് കൊയ്ത്ത് മെഷീനുകൾ വാടകയ്ക്കെടുത്ത് കൃഷിഭവനുകൾ കേന്ദ്രീകരിച്ച് ലഭ്യമാക്കുന്ന സംവിധാനം ആവശ്യമാണ്. ഇത് കർഷകരെ ഏജന്റുമാർ ചൂഷണം ചെയ്യുന്നതൊഴിവാക്കാൻ സഹായിക്കും
-നെൽകർഷകസംരക്ഷണ സമിതി, കുട്ടനാട്