maram-murichmatti

ചെന്നിത്തല : മരങ്ങളിൽ ചേക്കേറിയ പക്ഷികൾ കാരണം ഒരു നാട് അനുഭവിച്ചുവന്ന ദുരിതത്തിന് അറുതിയായി. കായംകുളം - തിരുവല്ല സംസ്ഥാനപാതയോരത്ത് ചെന്നിത്തല അയ്യക്കശ്ശേരിൽ ക്ഷേത്രത്തിന് സമീപത്തെ പാഴ്മരങ്ങളിൽ കൂടുകൂട്ടിയ പക്ഷികളുടെ കാഷ്ഠമായിരുന്നു നാടിനെ ദുരിതത്തിലാക്കിയത്.

പക്ഷികൾ ചേക്കേറുന്ന മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റിയതോടെയാണ് നാറ്റക്കേസിന് അറുതിയായി. ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പൊതുമരാമത്ത് നിരത്ത് വിഭാഗം ആണ് മരത്തിന്റെ ശിഖരങ്ങൾ വെട്ടി മാറ്റിയത്. കല്ലുംമൂട് ജംഗ്ഷന് വടക്കുവശം ചെന്നിത്തല മഹാത്മ സ്‌കൂളിനും അയ്യക്കശ്ശേരിൽ ക്ഷേത്രത്തിനും സമീപം റോഡിന്റെ പടിഞ്ഞാറു വശത്തുള്ള രണ്ടു വൃക്ഷങ്ങളിലായി ചേക്കേറിയിരുന്ന നൂറുകണക്കിന് പക്ഷികളുടെ കാഷ്ഠമാണ് പ്രദേശത്ത് ദുരിതം വിതച്ചിരുന്നത്. പക്ഷികളുടെ കാഷ്ഠം ഭയന്ന് കടകളിലേക്ക് എത്താൻ ഉപഭോക്താക്കൾ മടിക്കുന്നത് കാരണം സമീപത്തുള്ള വ്യാപാരികളും ഏറെ കഷ്ടത്തിലായിരുന്നു. ഇതിനെക്കുറിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കളക്ടർക്ക് മുന്നിലുമെത്തിയ പരാതി

കായംകുളം - തിരുവല്ല സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന ഇരുചക്രവാഹന യാത്രികരുടെയും കാൽ നടക്കാരുടെയും ശരീരത്തിലും വസ്ത്രങ്ങളിലും പക്ഷികൾ കാഷ്ഠിക്കുന്നത് പതിവാകുകയും പലരുടെയും യാത്രമുടങ്ങുകയും ചെയ്തിരുന്നു. കൂടാതെ പരിസരത്താകെ പക്ഷികളുടെ കാഷ്ഠം വീണ് ദുർഗന്ധവും പരന്നതോടെ നാട്ടുകാർ അധികൃതർക്ക് പരാതികൾ നൽകിയിരുന്നു. ദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെന്നിത്തല-തൃപ്പെരുന്തുറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ജില്ലാകലക്ടർക്ക് നിവേദനം നൽകുകയും പരാതിയിൽ നടപടി സ്വീകരിച്ച് അപേക്ഷകനെ അറിയിക്കാനും കളക്ട്രേറ്റിൽ റിപ്പോർട്ട് ചെയ്യാനും ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് കലക്ടർ നിർദേശിക്കുകയും ചെയ്തിരുന്നു. വെട്ടിമാറ്റിയ ശിഖരങ്ങൾ ഫോറെസ്റ്റ് വകുപ്പ് വാലുവേഷൻ നടത്തി റിപ്പോർട്ട് കിട്ടുന്ന മുറക്ക് പൊതുമരാമത്ത് ലേലം ചെയ്ത് നീക്കം ചെയ്യും.

താലൂക്ക് വികസന സമിതി യോഗത്തിലും പഞ്ചായത്ത് ഭരണ സമിതിയിലും ഏറെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നിർദേശപ്രകാരം മരത്തിന് കേടുപറ്റാതെ ശിഖരങ്ങൾ വെട്ടിമാറ്റിയത്

- അഭിലാഷ് തൂമ്പിനാത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തംഗം

ആലപ്പുഴ ജില്ലാ കളക്ടർക്കും മറ്റും പരാതി നൽകിയിട്ട് ഒരു വർഷം പിന്നിട്ടപ്പോഴെങ്കിലും നാടിനെ ഏറെ ദുരിതത്തിലാക്കിയ മരത്തിന്റെ ശിഖരങ്ങൾ മുറിച്ച് മാറ്റിയതിൽ ഏറെ സന്തോഷമുണ്ട്

ഐപ്പ് ചാണ്ടപ്പിള്ള, ചെന്നിത്തല-തൃപ്പെരുന്തുറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്