
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിയിൽ നിർമ്മിച്ച സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിന്റെ നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന പരാതിയിൽ വിജിലൻസ് ഡി.വൈ.എസ്.പി പി.വി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മിന്നൽ പരിശോധന നടത്തി.
ഇന്നലെ രാവിലെ 10 ഓടെ പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തിയ സംഘം ഫയലുകൾ പരിശോധിച്ചു. തുടർന്ന് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തി കെട്ടിടത്തിലും പരിശോധന നടത്തി. വൈകിട്ട് 5 ഓടെയാണ് സംഘം മടങ്ങിയത്. നിരവധി ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് വിവരം. 2023 ജനുവരി 21 ന് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു കെട്ടിടം ഉദ്ഘാടനം ചെയ്തത്. 2016ൽ കെട്ടിട നിർമ്മാണം ആരംഭിച്ചെങ്കിലും 2023ലാണ് നിർമ്മാണം പൂർത്തിയായത്.
120 കോടി കേന്ദ്ര സർക്കാരും,53.18 കോടി കേരള സർക്കാരും ചെലവഴിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്. ഗ്രീന്‍ ബിൽഡിംഗ് ത്രീ സ്റ്റാർ റേറ്റിങ്ങുള്ള കെട്ടിടം ഇന്‍ഫ്രാ ടെക് സർവീസസ് ലിമിറ്റഡ് (ഹൈറ്റ്‌സ്) ആണ് നിർമ്മിച്ചത്. 19, 984 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 6 നിലകളിലായാണ് കെട്ടിടം. എസ്.ഐ ഡി.സുരേഷ്, എസ്.സി.പി.ഒമാരായ കെ.എ. അനൂപ് കുമാർ, പി.എസ്.അനൂപ്, ജോഷി ഇഗ്നേഷ്യസ്, സി.പി.ഒ എസ്.സനിൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ചോർച്ചയും കേടായ ലിഫ്ടുകളും
 കാർഡിയോ തൊറാസിക് തീയേറ്ററിന്റെ മുകളിലത്തെ നിലയിൽ ചോർച്ചയുണ്ടായത് പരിഹരിക്കാൻ അറ്റകുറ്റപണി നടത്തി വരുകയാണ്
 നിരവധി സ്ഥലങ്ങളിൽ ചോർച്ചയുണ്ട്. ഭിത്തികളിൽ ഈർപ്പം നിലനിൽക്കുന്നതുംസംഘം വിശദമായി പരിശോധിച്ചു
 ഭാരിച്ച തുക മുടക്കി വാങ്ങിയ പല അത്യാധുനിക ഉപകരണങ്ങളും കേടായി കിടക്കുകയാണ്
 ലിഫ്റ്റുകളിൽ പലതും പ്രവർത്തിക്കുന്നില്ല. ഡ്രെയിനേജ് സംവിധാനത്തിലെ പോരായ്മ മൂലം ശുചിമുറികളിലെ മലിനജലം കോമ്പൗണ്ടിൽ വീഴുന്നു
ഇലക്ട്രിക്, പ്ലംബിംഗ് ജോലികളിലും നിരവധി പോരായ്മകളുണ്ട്