gopinathan-nair

മാന്നാർ: 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി പുലിയൂരിൽ ഇന്നാരംഭിക്കുന്ന സി.പി.എം മാന്നാർ ഏരിയ സമ്മേളനത്തിൽ മാന്നാർ കുരട്ടിശേരി ഗോകുലം വീട്ടിൽ ഗോപിനാഥൻനായർ (75) എന്ന നാട്ടുകാരുടെ ഗോപിച്ചേട്ടൻ തുന്നിയ ചെങ്കൊടി ഉയരും. സി.പി.എം മാന്നാർ ഏരിയ സമ്മേളനം നടക്കുന്ന കൊടിയേരി ബാലകൃഷ്ണൻ നഗറിൽ (പുലിയൂർ മാർത്തോമ പാരീഷ് ഹാൾ) ഉയർത്താനുള്ള ചെങ്കൊടിയാണ് ഗോപിനാഥൻനായർ തുന്നിയത്. 60 വർഷമായി തയ്യൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഗോപിച്ചേട്ടനാണ് വിവിധ സമ്മേളനങ്ങൾക്ക് പാർട്ടി പതാകകൾ തുന്നാനുള്ള ഉത്തരവാദിത്വം. വീയപുരം, നിരണം, മാന്നാർ, പരുമല എന്നിവിടങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരാണ് അധികവും അരിവാൾ ചുറ്റിക ആലേഖനം ചെയ്ത ചെങ്കൊടികൾ തയ്പ്പിക്കാനായി എത്തുന്നത്. ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കുന്നകൊടികളുടെ തുന്നലിന് സമ്മേളനങ്ങൾ തീരുന്നതുവരെയും വിശ്രമമില്ല.

പാവുക്കര കരയോഗം യു.പി സ്കുളിൽ ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കിയ ഗോപിച്ചേട്ടൻ 16-ാം വയസു മുതലാണ് തയ്യൽ ജോലി തുടങ്ങിയത്. തുടർ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ഉപജീവനത്തിനായി ഒരു തൊഴിൽ സ്വായത്തമാക്കണമെന്ന ഉറച്ച തീരുമാനത്തിനൊടുവിലാണ് തയ്യൽ ജോലി തിരഞ്ഞെടുത്തത്. മാന്നാറിലെ പ്രമുഖ വസ്ത്ര വിപണനശാലയായ അമ്പിളി ടെക്സ്റ്റയിൽസിലെ തയ്യൽ ജോലിക്കാരനായ ഇടത്തേൽ പാപ്പച്ചന്റെ ശിക്ഷണത്തിൽ തയ്യൽ പരിശീലനം തുടങ്ങി. ഇരുവരും അമ്പിളി ടെക്സ്റ്റയിൽസിൽ തയ്യൽ ജോലികൾ ചെയ്താണ് ഉപജീവനം നടത്തിവന്നത്. മൂന്നു വർഷത്തോളം പാപ്പച്ചന്റെ കീഴിൽ പരിശീലനം പൂർത്തിയാക്കിയ ശേഷം സ്വന്തമായി മാന്നാറിൽ ഗോപി ടെയ്ലേഴ്‌സ് എന്ന സ്ഥാപനം ആരംഭിച്ചു. ഭാര്യ വത്സലയും തയ്യൽ ജോലിയിൽ സഹായിയായി ഒപ്പമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ അന്തരിച്ച കെ.കെ ചന്ദ്രശേഖരൻപിള്ള വൈദ്യൻ ഉൾപ്പെടെയുടെ നേതാക്കളുമായുള്ള അടുപ്പവും ഗോപിച്ചേട്ടനിലെ തയ്യൽക്കാരനെ ചെങ്കൊടിയുടെ തുന്നൽക്കാരനാക്കുന്നു. തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ ചേർന്നെങ്കിലും പുതുക്കൽ നടപടികൾ തുടർന്ന് നടത്താതിരുന്നതിനാൽ അത് മുടങ്ങി.