
ആലപ്പുഴ: കുറുവസംഘത്തിൽപ്പെട്ട ഒരു മോഷ്ടാവ് പിടിയിലായെങ്കിലും, മറ്റുള്ളവർ സ്വൈരവിഹാരം തുടരുന്നതിന്റെ ഭീതിയിലാണ് ആലപ്പുഴക്കാർ. പല ഭാഗങ്ങളിലും കുറുവസംഘമെന്ന് തെറ്റിദ്ധരിച്ച് നിരപരാധികളെ പിടിച്ചുവയ്ക്കുന്ന സംഭവങ്ങളുമുണ്ടായി. കഴിഞ്ഞ ദിവസം മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് മാസികവെല്ലുവിളി നേരിടുന്ന യുവാവിന് പുന്നപ്രയിൽ മർദ്ദനമേറ്റിരുന്നു.
ഇതിന് പുറമേ, പല പ്രദേശങ്ങളിലും കുറുവ സംഘമെത്തിയിട്ടുണ്ടെന്ന വ്യാജ പ്രചാരണങ്ങൾ സോഷ്യൽ മീഡിയ വഴി നടക്കുന്നതും പൊലീസിന് തലവേദനയാണ്. ജനപ്രതിനിധികൾ, നഗരത്തിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊലീസ്, റെസിഡൻസ്, കുടുംബശ്രീ, യുവജന സംഘടനകൾ, പുരുഷ അയൽക്കൂട്ടം, ക്ലബ്ബുകൾ എന്നിവരുടെ സംയുക്തയോഗം ഇന്ന് വൈകിട്ട് 3ന് നഗരസഭ കൗൺസിൽ ഹാളിൽ ചേരും. നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ ആലപ്പുഴ ഡിവൈ.എസ്.പി എം.ആർ.മധുബാബു ആവശ്യമായ നിർദ്ദേശങ്ങൾ നൽകും.
ബോധവത്കരണവുമായി പൊലീസ്
1.ജനങ്ങളുടെ ഭാഗത്തുനിന്നും മുൻകരുതലുകളുണ്ടാവണമെന്ന ആശയത്തിലാണ് നഗരസഭയുടെ നേതൃത്വത്തിൽ ജാഗ്രതാകൂട്ടായ്മ സംഘടിപ്പിക്കുന്നത്
2.വിവിധ സ്ഥലങ്ങളിൽ പൊലീസിന്റെ നേതൃത്വത്തിൽ ജനങ്ങൾക്ക് ബോധവത്ക്കരണവും മോട്ടിവേഷൻ ക്ലാസുകളും നൽകിവരുന്നുണ്ട്. 3.റെസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ പരമാവധി ഇടങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്
4.പൊലീസ് നൈറ്റ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ജനങ്ങളും പൊലീസിനെ സഹായിക്കുന്നുണ്ട്