ആലപ്പുഴ: ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലാ ഓഫീസ് പൊതുജനപങ്കാളിത്തത്തോടെ നടത്തുന്ന സാമൂഹ്യാധിഷ്ഠിത ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് നിയന്ത്രണ, അവബോധ പരിപാടിയായ അമരത്തിന്റെ ജില്ലാതല ഉദ്ഘാടനം മുഹമ്മ ഗ്രാമപഞ്ചായത്തിൽ ഇന്ന് രാവിലെ 10ന് മന്ത്രി പി.പ്രസാദ് നിർവഹിക്കും. ആലപ്പുഴ മോഡൽ ഒഫ് ആന്റിബയോട്ടിക് റെസിസ്റ്റൻസ് അവയർനെസ് ആന്റ് മിറ്റിഗേഷൻ എന്നതിന്റെ ചുരുക്കരൂപമാണ് അമരം.
തദ്ദേശീയമായ ഇടപെടലുകളിലൂടെ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് നിയന്ത്രണ രംഗത്ത് മാതൃക തീർക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് അമരത്തിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. മുഹമ്മ ആര്യക്കര ഗൗരിനന്ദനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിക്കും.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത്, മുഹമ്മ ഗ്രാമപഞ്ചായത്ത്, സി.എച്ച്.സി മുഹമ്മ, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.